
തൃശൂർ: ഭിന്നശേഷി പുനരധിവാസ രംഗത്ത് നിപ്മർ നടത്തുന്ന പ്രവർത്തനം ശ്ലാഘനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കല്ലേറ്റുംകരയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനെ (നിപ്മർ) മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. നിപ്മറിലെ വെർച്വൽ റിയാലിറ്റി യൂണിറ്റ് ഇന്ത്യയിലെ തന്നെ ആദ്യത്തേതാണ്. ഇതിന് പുറമേ ഇപ്പോൾ പ്രവർത്തനം ആരംഭിക്കുന്ന അക്വാട്ടിക് റീഹാബിലിറ്റേഷൻ സെന്ററും വൊക്കേഷണൽ റീഹാബിലിറ്റേഷൻ യൂണിറ്റും നിപ്മറിനെ വേറിട്ടതാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.കെ ശൈലജ അദ്ധ്യക്ഷയായി. നിപ്മറിൽ പുതുതായി പണികഴിപ്പിച്ച അത്യാധുനിക സൗകര്യങ്ങളുള്ള സ്‌പൈനൽ ഇൻജുറി റീഹാബിലിറ്റേഷൻ യൂണിറ്റ്, അക്വാട്ടിക് റീഹാബിലിറ്റേഷൻ സെന്റർ, ആർട്ട് എബിലിറ്റി സെന്റർ, ഇയർമോൾഡ് ലാബ്, കോൾ ആൻഡ് കണക്ട് ഇൻഫർമേഷൻ ഗേറ്റ്‌വേ ഫോർ ഡിഫറന്റ്‌ലി ഏബിൾഡ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
അക്കാഡമിക് പ്രോഗ്രാമുകളുടെ ഉദ്ഘാടനവും ഒക്യുപേഷണൽ തെറാപ്പി കോളേജിന്റെ തറക്കല്ലിടലും പ്രൊഫ.കെ.യു അരുണൻ എം.എൽ.എ നിർവഹിച്ചു. വൊക്കേഷണൽ റീഹാബിലിറ്റേഷൻ യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് നിർവഹിച്ചു. ഒക്യുപേഷണൽ തെറാപ്പി കോഴ്‌സിന് ക്ലിനിക്കൽ പരിശീലനം നൽകുന്നത് സംബന്ധിച്ച ധാരണപത്രം ഇരിങ്ങാലക്കുട കോഓപ്പറേറ്റിവ് ഹോസ്പിറ്റൽ പ്രസിഡന്റ് എം.പി ജാക്‌സൺ കൈമാറി.
വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിന്റെ
കാലം കഴിഞ്ഞു: മന്ത്രി
തൃശൂർ: സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിന്റെ കാലം കഴിഞ്ഞുവെന്ന് സംസ്ഥാന കൃഷി മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ. കിഫ്ബിയുടെ മൂന്ന് കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച വില്ലടം ഗവ ഹയർസെക്കൻഡറി സ്കൂൾ
ഹൈടെക് കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. കോർപറേഷനിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ വിദ്യാലയമാണ് ഗവ ഹയർ സെക്കൻഡറി സ്കൂൾ. കിഫ്ബി ധനസഹായത്തോടെ കൈറ്റിന്റെ നേതൃത്വത്തിൽ ഹൈടെക് നിലവാരത്തോടെയുള്ള 17 ക്ലാസ് മുറികൾ, മീറ്റിംഗ് ഹാൾ, ലാബുകൾ, ഓഫീസ് റൂം എന്നിവയടങ്ങിയതാണ് കെട്ടിട സമുച്ചയം. കോർപറേഷൻ മേയർ എം.കെ വർഗീസ് അദ്ധ്യക്ഷനായി. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ഹെഡ് മാസ്റ്റർ ഡെന്നി ജോസഫ്, പ്രിൻസിപ്പൽ പി.ജി ദയ, ഡിവിഷൻ കൗൺസിലർ ഐ. സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.