
തൃശൂർ: തൃശൂർ - പാലക്കാട് ദേശീയപാതയില്‍ കുതിരാൻ മേഖലയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് തുടരുമ്പോൾ, ഹൈക്കോടതി നിർദ്ദേശിച്ച തുരങ്കപരിശോധനയും മുടങ്ങുന്നു. കുതിരാൻ്റെ ഉറപ്പും സുരക്ഷയും പരിശോധിക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് ഭരണപരമായും അക്കാഡമിക്കായുമുള്ള തിരക്കു കാരണം പരിശോധിക്കാനാവില്ലെന്ന് അറിയിച്ചത്.
കഴിഞ്ഞമാസമാണ് ദേശീയപാത അതോറിറ്റി, ബംഗളൂരു ജിയോ ടെക്നിക്കൽ എൻജിനീയറിംഗ് ഡിവിഷനിലെ പ്രൊഫ. ശിവകുമാർ ബാബുവിനെ കൊണ്ട് പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകാമെന്ന് ഹൈക്കോടതിയിൽ അറിയിച്ചത്. ഇദ്ദേഹത്തെ കക്ഷി ചേർക്കുകയും ചെയ്തിരുന്നു. എന്നാൽ ഹർജി നൽകിയ അഡ്വ. ഷാജി കോടങ്കണ്ടത്ത്, പരിശോധനാ സമയവും തീയതിയും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 28 ന് നൽകിയ കത്തിലായിരുന്നു ശിവകുമാർ ബാബു പരിശോധനയ്ക്കുള്ള അസൗകര്യം അറിയിച്ചത്.
കേരളത്തിലെ എൻജിനീയറിംഗ് വിദഗ്ദ്ധരെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന അദ്ദേഹത്തിൻ്റെ മറുപടി ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. വെള്ളിയാഴ്ച രാത്രി ഏഴിന് കുതിരാനില്‍ മിനി ചരക്കുലോറി മറിഞ്ഞതിനെ തുടര്‍ന്നുണ്ടായ കുരുക്ക്, ചുവന്നമണ്ണു മുതല്‍ കൊമ്പഴ വരെ 15 മണിക്കൂറിലേറെ നീണ്ടിരുന്നു. വെള്ളിയാഴ്ച രാത്രി ചരക്ക് ലോറി മറിഞ്ഞ സ്ഥലത്ത് രണ്ട് മാസത്തിനുള്ളില്‍ മൂന്ന് ലോറികളാണ് മറിഞ്ഞത്. കുതിരാനില്‍ വഴുക്കുംപാറ മുതല്‍ ഇരുമ്പുപാലം വരെ റോഡിന് 7 മീറ്റര്‍ മാത്രമാണ് വീതിയുള്ളത്. കുതിരാന്‍ ഭാഗത്തു വീതികൂട്ടല്‍ ആരംഭിച്ചുവെങ്കിലും ഒരു കിലോമീറ്ററോളം മാത്രം വീതി കൂട്ടി അവസാനിപ്പിക്കുകയായിരുന്നു.
പൊലീസിനൊപ്പം ജനങ്ങളും
ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ പൊലീസിനൊപ്പം മുന്നിട്ടിറങ്ങുന്നത് നാട്ടുകാരാണ്. ഹൈവേ പൊലീസും പീച്ചി പൊലീസും ഗതാഗതം നിയന്ത്രിക്കാന്‍ ഏറെ കഷ്ടപ്പെടുന്നുണ്ട്. പീച്ചി പൊലീസിന് പലപ്പോഴും കുതിരാനിലെ ഗതാഗതക്കുരുക്ക് മറികടന്ന് കൊമ്പഴ ഭാഗത്തേക്ക് പോലും എത്താനാകില്ല. അതിനിടെ നിര തെറ്റിച്ചു കയറാന്‍ ശ്രമിക്കുന്ന സ്വകാര്യബസുകാരും ഗതാഗതതടസം രൂക്ഷമാക്കി.
മറ്റ് കാരണങ്ങൾ
കൊവിഡ് കാലത്ത് പൊതുഗതാഗതം കുറഞ്ഞതോടെ സ്വകാര്യവാഹനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന
ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം വടക്കഞ്ചേരി മേല്‍പ്പാലം തുറന്നത് വാഹനങ്ങളുടെ എണ്ണം കൂട്ടി
പാസഞ്ചർ ട്രെയിനുകൾ ഓടാത്തതും കെ.എസ്.ആർ.ടി.സി. മുഴുവൻ സർവീസുകൾ തുടങ്ങാത്തതും
വാഹനങ്ങൾ മറിഞ്ഞാൽ കൃത്യസമയത്ത് റിക്കവറി വാഹനങ്ങൾ എത്തിക്കാനാവാത്തത്
സ്വകാര്യബസുകൾ അടക്കമുള്ള വാഹനങ്ങൾ കുത്തിക്കയറി ട്രാക്ക് തെറ്റിച്ച് വരുന്നതും അപകടങ്ങൾക്ക് കാരണമാകുന്ന റോഡും ഒരു പോലെ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
ഹൈവേ പൊലീസ്