
തൃശൂർ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ 'സംശുദ്ധം; സൽഭരണം' എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരള യാത്ര ഈ മാസം 9, 10 ദിവസങ്ങളിൽ ജില്ലയിൽ പര്യടനം നടത്തുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, ടി.എൻ പ്രതാപൻ എം.പി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
9ന് രാവിലെ 9.30ന് ജില്ലാ അതിർത്തിയായ പഴയന്നൂരിൽ എത്തുന്ന യാത്രയെ ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റിന്റെ നേതൃത്വത്തിൽ ജില്ലാ നേതാക്കൾ സ്വീകരിക്കും. പത്തിന് ചേലക്കര, 11ന് വടക്കാഞ്ചേരി, 12ന് കുന്നംകുളം, നാലിന് ചാവക്കാട് അഞ്ചിന് കാഞ്ഞാണി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകീട്ട് ആറിന് തെക്കേഗോപുര നടയിലെത്തും. തൃശൂർ, ഒല്ലൂർ നിയോജക മണ്ഡലങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് ഇവിടെ സ്വീകരണം നൽകുക.
പ്രമുഖ യു.ഡി.എഫ് നേതാക്കൾ സംസാരിക്കും. ബുധൻ രാവിലെ പത്തിന് ആമ്പല്ലൂരിൽ നിന്നാണ് രണ്ടാം ദിവസത്തെ പര്യടനം ആരംഭിക്കുക. 11.30ന് ഇരിങ്ങാലക്കുട, മൂന്നിന് ചേർപ്പ്, നാലിന് കയ്പ്പമംഗലം മൂന്നുപീടിക, അഞ്ചിന് കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലെ സ്വീകരണ ശേഷം ആറിന് ചാലക്കുടിയിൽ നടക്കുന്ന പൊതുസമ്മേളനത്തോടെ തൃശൂരിലെ പര്യടനം സമാപിക്കും. പ്രമുഖ നേതാക്കൾ ചാലക്കുടിയിലെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കും. യു.ഡി.എഫ് കൺവീനർ കെ.ആർ ഗിരിജൻ, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പട്ടയ വിതരണം ഉടൻ പൂർത്തിയാക്കും:
മന്ത്രി എ. സി. മൊയ്തീൻ
തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിക്ഷിപ്തമായ ഭൂമിയിലെ പട്ടയ വിതരണ നടപടികൾ വേഗത്തിലാക്കുമെന്നും അർഹതപ്പെട്ടവർക്ക് പട്ടയ ലഭ്യത ഉറപ്പാക്കുമെന്നും മന്ത്രി എ.സി മൊയ്തീൻ. പട്ടയ വിതരണവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിലും വകുപ്പ് തലത്തിലും പരിഗണനയിലുള്ള ഫയലുകൾ തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത്, നഗരസഭ, കളക്ടറേറ്റ് എന്നിവിടങ്ങളിൽ പരിഗണനയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിക്ഷിപ്തമായ ഭൂമിയിലെ പട്ടയ അപേക്ഷ സംബന്ധിച്ച വിശദാംശങ്ങൾ അടിയന്തരമായി സർക്കാരിലേക്ക് സമർപ്പിക്കാനും നടപടിക്രമങ്ങൾ വേഗത്തിലാക്കി സമയബന്ധിതമായി പട്ടയം നൽകാനുമാണ് നിർദ്ദേശം.
തദ്ദേശ സ്വയംഭരണമന്ത്രിയുടെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിൽ ചേർന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കളക്ടർ എസ്. ഷാനവാസ്, പഞ്ചായത്ത് നഗരകാര്യ ഡയറക്ടർ രേണു രാജ് തുടങ്ങിയവർ പങ്കെടുത്തു.