
തൃശൂർ: കൊവിഡ് വ്യാപനം കുറഞ്ഞാൽ തൃശൂർ പൂരവും പ്രദർശനവും വിപുലമായി നടത്തുമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ അറിയിച്ചു. മറിച്ചായാൽ കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രാഥമിക യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഏപ്രിൽ 23നാണ് പൂരം. ജില്ലയിലെ രോഗവ്യാപനം നിരീക്ഷിക്കാൻ കളക്ടറുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. രണ്ടാഴ്ച കൂടുമ്പോൾ യോഗം ചേർന്ന് ജില്ലയിലെ സ്ഥിതി പരിശോധിച്ച് പൂരം നടത്തിപ്പിന് നടപടികൾ കൈക്കൊള്ളും.
സ്ഥിതിഗതി സർക്കാരിനെ ബോധിപ്പിച്ച് അനുമതി തേടും. അതു ലഭിച്ചാൽ പൂരത്തിന്റെ എല്ലാ ചടങ്ങുകളുമായി മുന്നോട്ടുപോകും.
ജനപ്രതിനിധികൾ, കൊച്ചിൻ ദേവസ്വം ബോർഡ് അംഗം, തിരുവമ്പാടി, പാറമേക്കാവ്, വടക്കുംനാഥൻ ദേവസ്വം പ്രതിനിധികൾ, പൊലീസ്, ആരോഗ്യ വകുപ്പ്, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ടതാണ് കളക്ടറുടെ സമിതി.
ജനത്തിരക്ക് കുറയ്ക്കാൻ ചടങ്ങുകൾ വെർച്വൽ പ്ലാറ്റ്‌ഫോമിൽ വീക്ഷിക്കുന്നതിനായി വിവിധയിടങ്ങളിൽ സ്‌ക്രീനുകൾ സ്ഥാപിക്കാമെന്നും ചടങ്ങുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തി പ്ലാൻ തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണം ഏർപ്പെടുത്താമെന്നും മന്ത്രി നിർദേശിച്ചു.
കൂടുതൽ സ്ഥലസൗകര്യം ഉള്ളതിനാൽ, സർക്കാർ അനുമതി നൽകുന്ന പക്ഷം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സുരക്ഷയോടെ പൂരം നടത്താമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.