mmmm
കടന്നൽ ആക്രമണത്തിന് ഇരയായ തൊഴിലുറപ്പ് തൊഴിലാളികൾ

കാരമുക്ക്: കാട്ടുകടന്നലിന്റെ കുത്തേറ്റ് തൊഴിലുറപ്പ് തൊഴിലാളികളടക്കം 13 പേർക്ക് പരിക്കേറ്റു. തൊഴിലുറപ്പ് തൊഴിലാളികളായ കാഞ്ഞാണി പ്ലാക്കൻ ശാന്ത (68), തോട്ടുപുര തങ്കമണി (64), നെല്ലിപറമ്പിൽ രമണി (64), മുത്തുരുത്തി ഉഷ (50), റുക്കിയ (70),​ ജാനകി (64), പേരോത്ത് ഭവാനി (68), കാഞ്ഞിരതിങ്കൽ മനില (42), കല്ലയിൽ അമ്മിണി (75), ഡീജ (40), സമീപവാസിയായ കാരമുക്ക് ചിറയത്ത് വപ്പോൻ റീത്ത (84) എന്നിവർക്കാണ് കടന്നൽ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ റുക്കിയ, ജാനകി എന്നിവർ ജില്ല ആശുപത്രിയിലും റീത്ത കാഞ്ഞാണി അശ്വമാലിക ആശുപത്രിയിലും ചികിത്സയിലാണ്.

പോഴത്ത് റസിഡൻഷ്യൽ അസോസിയേഷനിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നീർത്തട വികസന പദ്ധതി പ്രകാരം ജോലി ചെയ്യുന്നതിനിടെ കടന്നലുകൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടനെ മണലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകി. സാരമായി പരിക്കേറ്റ റുക്കിയയെയും രമണിയെയും പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാർക്ക് ഭീഷണിയായ കടന്നൽ കൂട് എത്രയും വേഗം നീക്കം ചെയ്യുമെന്ന് ആശുപത്രിയിലെത്തിയ മണലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി ജോൺസൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷോയ് നാരായണൻ എന്നിവർ പറഞ്ഞു.