
പെരിങ്ങോട്ടുകര: ആവണങ്ങാട്ടിൽ കളരിയുടെ ആശീർവാദത്തോടെ സർവ്വതോഭദ്രം കൂട്ടായ്മ പെരിങ്ങോട്ടുകരപ്പാടത്ത് പൂർണ്ണമായും ജൈവരീതിയിൽ വിളയിച്ച 42 ഏക്കറിലെ നെൽക്കൃഷി വിളവെടുപ്പ് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗീതാ ഗോപി എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് രതി അനിൽകുമാർ, ജനപ്രതിനിധികൾ, മീറ്റ് പ്രോഡക്ട് ഒഫ് ഇന്ത്യ ചെയർമാൻ ടി.ആർ രമേഷ് കുമാർ, സംഗീതസംവിധായകൻ വിദ്യാധരൻ, ആവണങ്ങാട്ടിൽ കളരി എ.യു. രഘുരാമൻ പണിക്കർ, ഋഷികേശ് പണിക്കർ എന്നിവർ പ്രസംഗിച്ചു. കഥകളിയോടെ ആരംഭിച്ച കൊയ്ത്തുത്സവ ചടങ്ങുകളിൽ നാടൻപാട്ടും കാളകളിയും കൊയ്ത്തുപാട്ടും അകമ്പടിയായി. രാസ വളം പ്രയോഗിക്കുമ്പോൾ സംഭവിക്കുന്ന മണ്ണിന്റെ ജീവനില്ലാത്ത അവസ്ഥയ്ക്ക് ബദലായി ജൈവരീതിയിൽ കൃഷി ചെയ്തതു മൂലം മണ്ണിന്റെ ആവാസവ്യവസ്ഥ നിലനിറുത്താനായത് വലിയ കാര്യമാണെന്ന് മന്ത്രി സുനിൽ കുമാർ പറഞ്ഞു. കാർഷിക സംസ്‌കാരത്തെ തിരിച്ചുപിടിക്കുന്നതിനും ജൈവകൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിനുമായി കഴിഞ്ഞ ജനുവരിയിലാണ് പുത്തൻപീടിക തോന്ന്യാപാടത്ത് ഋഷഭയാഗം നടന്നത്. മൂന്ന് ദിവസമായി നടന്ന മേളയിൽ കാർഷിക സെമിനാറുകളും പ്രദർശനവും നാടിനെ ആവേശത്തിലാഴ്ത്തി. അന്ന് വിത്തിട്ട പുത്തൻ കാർഷികസംസ്‌കാരത്തിന്റെ വിപുലമായ വിളവെടുപ്പാണ് നടന്നത്. ആദ്യഘട്ടത്തിൽ വിവിധയിടങ്ങളിൽ പച്ചക്കറികളാണ് കൃഷിയിറക്കിയത്. തുടർന്നാണ് തരിശ് കിടന്നിരുന്ന 62 ഏക്കറിലെ പെരിങ്ങോട്ടുകരപ്പാടത്തെ 42 ഏക്കർ സ്ഥലമാണ് ജൈവനെൽകൃഷിക്ക് ഒരുക്കിയത്. അടിവളമായി കാലിവളവും തുടർന്ന് ജീവാമൃതവുമായിരുന്നു കൃഷിക്കുപയോഗിച്ചത്. നൂറിലേറെ തൊഴിലാളികളുടേയും സർവ്വതോഭദ്രത്തിലെ സന്നദ്ധപ്രവർത്തകരുടേയും മാസങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ് ഇന്ന് വിളവെടുത്തത്. ജൈവ കൃഷിയിലെ ഉല്പന്നങ്ങൾ തീർത്തും ലാഭേച്ഛയില്ലാതെയാണ് വിപണിയിലെത്തിക്കുക.