
തൃശൂർ: കൊവിഡ് പ്രതിസന്ധിയിലും കാർഷികമേഖലയിലെ ഉന്നമനത്തിനായി കൃഷി വകുപ്പിന്റെ അന്താരാഷ്ട്ര കാർഷിക ശിൽപശാല പ്രദർശനവിപണന മേള വൈഗ 10 മുതൽ 14 വരെ തൃശൂരിൽ നടക്കും. അഞ്ച് പ്രധാന കേന്ദ്രങ്ങളിലായി കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് വൈഗ 2021 സംഘടിപ്പിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 10 ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ വൈഗ 2021 ഉദ്ഘാടനം ചെയ്യും.
മന്ത്രി വി. എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ പ്രൊഫ. സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീൻ, ചീഫ് വിപ്പ് കെ. രാജൻ, എം.പിമാർ, തൃശൂർ മേയർ, എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മറ്റു ജനപ്രതിനിധികൾ, കർഷകർ എന്നിവർ പങ്കെടുക്കും. നാല് വേദികളിൽ വ്യത്യസ്തങ്ങളായ വിഷയങ്ങളെക്കുറിച്ച് ശിൽപശാലകളും സെമിനാറുകളും ചർച്ചകളും നടക്കും. സംസ്ഥാന കർഷക അവാർഡ് വിതരണം സമാപനദിനമായ 14 ന് ടൗൺ ഹാളിൽ നടക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കൃഷിമന്ത്രി വി.എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.
ഇതോടൊപ്പം വൈഗ 2021 ന്റെ സമാപന സമ്മേളനവും ഗവർണർ ഉദ്ഘാടനം ചെയ്യും. വൈഗ കാർഷിക മേളയിൽ ഇത്തവണത്തെ ഏറ്റവും പ്രധാന ആകർഷണമാണ് ബിസിനസ് മീറ്റ് എന്ന് മന്ത്രി പറഞ്ഞു. കർഷകർക്കും കാർഷിക സംരംഭകർക്കും തങ്ങളുടെ ഉൽപന്നങ്ങൾ നേരിട്ട് വിപണിയിലെത്തിക്കുന്നതിനായി 13 നാണ് ബിസിനസ് മീറ്റ് സംഘടിപ്പിക്കപ്പെട്ടിട്ടുളളത്. കാർഷികമേഖലയിലെ ഏറ്റവും വലിയ അഗ്രിഹാക്കത്തോൺ വൈഗയുടെ ഭാഗമായി 11,12,13 തീയതികളിൽ സെന്റ് തോമസ് കോളേജിൽ സംഘടിപ്പിക്കും. വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ, കർഷകർ പൊതുജനങ്ങൾ തുടങ്ങിയവരെ പങ്കെടുപ്പിച്ചുള്ള ഏറ്റവും വലിയ ഹാക്കത്തോൺ മത്സരമാണ് വൈഗ അഗ്രിഹാക്ക് 2021. എക്‌സിബിഷൻ ഓൺ വീൽസ് എന്ന പേരിൽ പ്രദർശനം സംഘടിപ്പിക്കുന്നുണ്ട്.
ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും എട്ട് വാഹനങ്ങൾ ഉപയോഗിച്ച് കാർഷിക പ്രദർശനം സംഘടിപ്പിക്കും. കൂടാതെ 1059 കൃഷി ഭവനുകളിൽ സംഘടിപ്പിക്കുന്ന വെർച്വൽ വൈഗ മേളയിലും ജനങ്ങൾക്ക് പങ്കെടുക്കാം. സംഘാടക സമിതി ചെയർമാനായ ചീഫ് വിപ്പ് കെ. രാജൻ, കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ചന്ദ്രബാബു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.