ചാലക്കുടി: പോട്ട - കാളഞ്ചിറ പാടശേഖരത്തെ ഹരിതാഭമാക്കുന്ന പാറക്കുളം ജലസ്രോതസ് പുനർജനിക്കുന്നു. പാടത്തിന് മദ്ധ്യേ കടന്നുപോകുന്ന തോടിന്റെ ഉത്ഭവ സ്ഥാനമായ പാറക്കുളം പതിറ്റാണ്ടുകളായി കാടുപടർന്ന് നശിച്ച നിലയിലായിരുന്നു. വാർഡ് കൗൺസിലർ വത്സൻ ചമ്പക്കരയുടെ നേതൃത്വത്തിൽ നത്തിയ ശ്രമദാനമാണ് കുളത്തിന് വീണ്ടും ഗതകാല പ്രൗഢി സമ്മാനിക്കുന്നത്.

പ്രദേശത്തെ വറ്റാത്ത നീരുറവയായ സ്വാഭാവിക ജലസ്രോതസാണ് പാമ്പാമ്പോട്ട് പാറക്കുളം. നാല് പതിറ്റാണ്ട് മുമ്പ് പ്രദേശത്തെ ജനങ്ങൾ അലക്കാനും കുളിക്കാനും പ്രധാനമായും ആശ്രയിച്ചിരുന്നത് ഈ കുളത്തെയാണ്. ഏത് സമയവും ഉറവകളിലൂടെ ജലമെത്തി കുളം കവിഞ്ഞ് തോട്ടിലൂടെ ഒഴുകിയിരുന്നു. പിന്നീട് കൈതക്കാട് പിടിച്ച് പ്രദേശത്തേക്ക് ആർക്കും പ്രവേശിക്കാനാകാത്ത അവസ്ഥയിലായി.

പൂർണമായും ചെളി നിറഞ്ഞ കുളം മൂടപ്പെട്ട നിലയിലായിരുന്നു. കഴിഞ്ഞ നഗരസഭാ കൗൺസിലിന്റെ കാലത്ത് പ്രദേശത്തെ കുളങ്ങൾ നവീകരിക്കുന്ന പദ്ധതിയുടെ ഭാഗമായി പാറക്കുളം നവീകരിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ സ്ഥലത്ത് വന്ന ഉദ്യോഗസ്ഥർക്ക് കുളം കണ്ടു പിടിക്കാനായില്ല. കഴിഞ്ഞ ദിവസം താലൂക്ക് സർവെ ഉദ്യോഗസ്ഥരെത്തി നോക്കിയെങ്കിലും കൈതക്കാട് മൂലം കുളത്തിലേക്ക് എത്താനായില്ല. തുടർന്നാണ് ഇപ്പോഴത്തെ കൗൺസിലറും സംഘവും ഹിറ്റാച്ചി ഉപയോഗിച്ച് കൈതക്കാടുകൾ നീക്കം ചെയ്ത് കുളം തെളിച്ചെടുത്തത്.


അടുത്ത വാർഷിക പദ്ധതിയിൽപ്പെടുത്തി കുളം എത്രയും വേഗം നവീകരിക്കും.

- വത്സൻ ചമ്പക്കര, കൗൺസിലർ