
മണ്ണുത്തി: നഴ്സറികളുടെ കേന്ദ്രമായ മണ്ണുത്തിയെ തൃശൂർ കോർപറേഷന്റെ ഗാർഡൻ സിറ്റിയാക്കി മാറ്റുമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ പറഞ്ഞു. കോർപറേഷന്റെ നെട്ടിശ്ശേരി ഡിവിഷനിലെ സേവാഗ്രാമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മണ്ണുത്തി സെന്ററിലുള്ള കോർപറേഷന്റെ ഷോപ്പിംഗ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്ന പി.ഡബ്ല്യു.ഡി. പുറമ്പോക്ക് സ്ഥലത്തിന് പകരമായി അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ സ്ഥലം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മേയർ എം.കെ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.കെ ഷാജൻ, സാറാമ്മാ റോബ്സൺ, കൗൺസിലർമാർ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
മെഡിക്കൽ കോളേജിൽ മോളിക്യുലാർ ഡയഗ്നോസിസ്
സെന്ററും മ്യൂസിയവും: മന്ത്രി കെ.കെ ശൈലജ
തൃശൂർ: തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ മോളിക്യുലാർ ഡയഗ്നോസിസ് സെന്ററും കേരളത്തിലെ ആരോഗ്യ രംഗത്തെ നാൾവഴികൾ രേഖപ്പെടുത്തുന്ന മ്യൂസിയവും ഒരുങ്ങുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടന്ന 22.59 കോടിയുടെ പൂർത്തീകരിച്ച പദ്ധതികളുടെയും വിവിധ നിർമ്മാണ പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ശ്രദ്ധയിൽപെടുത്തിയ മോളിക്യുലാർ ഡയഗ്നോസിസ് സെന്റർ, മ്യൂസിയം എന്നീ രണ്ട് പദ്ധതികളാണ് പ്ലാൻ ഫണ്ട് ഉപയോഗപ്പെടുത്തി അനുവദിക്കുമെന്ന് യോഗത്തിൽ മന്ത്രി വ്യക്തമാക്കിയത്. തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, വിദ്യാഭ്യാസ മന്ത്രി
പ്രൊഫ. സി. രവീന്ദ്രനാഥ്, കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ, ചീഫ് വിപ്പ് കെ. രാജൻ, വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കര, ആലത്തൂർ എം.പി രമ്യ ഹരിദാസ്, തൃശൂർ എം.പി ടി.എൻ. പ്രതാപൻ തുടങ്ങിയവർ ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു.