election

തൃശൂർ: തിരഞ്ഞെടുപ്പ് രംഗത്തെ ആവേശത്തെ വാനോളം ഉയർത്താൻ രാഷ്ട്രീയ നേതാക്കളുടെ യാത്രകൾ ജില്ല തൊടുന്നു. ഇടതുപക്ഷ സർക്കാരിനെതിരെ ജന മന:സാക്ഷിയെ ഉണർത്തി രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്റെ കേരളയാത്ര, കെ. സുരേന്ദ്രൻ നയിക്കുന്ന എൻ.ഡി.എയുടെ വിജയയാത്ര, എ. വിജയരാഘവൻ നയിക്കുന്ന എൽ.ഡി.എഫിന്റെ മേഖലാ ജാഥകളുമാണ് ജില്ലയിലെത്തുന്നത്.

രമേശ് ചെന്നിത്തല, സുരേന്ദ്രൻ എന്നിവരുടെ യാത്രകൾ ജില്ലയിൽ പര്യടനം നടത്തി കടന്നു പോകുമ്പോൾ കാസർകോട് നിന്നും ആരംഭിക്കുന്ന എൽ.ഡി.എഫ് ജാഥയുടെ സമാപനമാണ് ജില്ലയിൽ. വിപുലമായ പരിപാടികളോടെയാണ് ജാഥകൾക്ക് മൂന്ന് മുന്നണികളും സ്വീകരണം ഒരുക്കുന്നത്. ലൈഫ് മിഷൻ, സ്വർണക്കടത്ത്, കാർഷിക ബിൽ, ശബരിമല, വികസനം എന്നിവയെല്ലാം രംഗത്ത് ഇറക്കിയാണ് മുന്നണികളുടെ യാത്ര.

യു.ഡി.എഫ് യാത്ര നാളെ ജില്ലയിൽ

സംശുദ്ധം, സത്‌ഭരണം എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്ര രണ്ട് ദിവസമാണ് ജില്ലയിൽ പര്യടനം നടത്തുക. നാളെ പഴയന്നൂരിൽ നിന്ന് ആരംഭിച്ച് മറ്റെന്നാൾ ചാലക്കുടിയിൽ സമാപിക്കുന്ന തരത്തിലാണ് കേരള യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും. നാളെ തൃശൂർ തെക്കേ ഗോപുര നടയിലും മറ്റെന്നാൾ ചാലക്കുടിയിലുമാണ് സമാപന പൊതു സമ്മേളനങ്ങൾ. യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾ പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും.

സി.പി.എം ജാഥ സമാപനം തൃശൂരിൽ

എൽ.ഡി.എഫ് സർക്കാരിന്റെ കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ ഭരണ നേട്ടങ്ങളും അതോടൊപ്പം കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും എതിരെ ശബ്ദമുയർത്തിയാണ് സി.പി.എം ജാഥ നടക്കുന്നത്. കാസർകോട് നിന്നും ആരംഭിച്ച് തൃശൂരിൽ സമാപിക്കുന്ന ജാഥയെ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയ രാഘവൻ തന്നെയാണ് നയിക്കുന്നത്. 26 ന് ജില്ലയിൽ പര്യടനം നടത്തിയ ശേഷം തെക്കേ ഗോപുര നടയിലാണ് സമാപനം. എൽ.ഡി.എഫിന്റെ പ്രമുഖ നേതാക്കൾ പൊതു യോഗങ്ങളിലും പൊതു സമ്മേളനങ്ങളിലും പങ്കെടുക്കും.

ബി.ജെ.പിയുടെ വിജയ യാത്ര 26 ന്

ബി.ജെ.പിയുടെ മിഷൻ കേരളയുടെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര 26 നാണ് ജില്ലയിലെത്തുക. ഒരു ദിവസത്തെ പര്യടനമാണുള്ളത്. മോദി സർക്കാരിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണ നേട്ടത്തിനൊപ്പം സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെയാണ് ബി.ജെ.പി യാത്ര. കേന്ദ്ര സംസ്ഥാന നേതാക്കളെ അണിനിരത്തിയാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കാസർകോട് നിന്നാണ് യാത്ര ആരംഭിക്കുന്നത്.