കൊടുങ്ങല്ലൂർ: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ കോൺഗ്രസും ലീഗും തമ്മിലുണ്ടായിരുന്ന തർക്കങ്ങൾ ജില്ലാ നേതൃത്വം ഇടപെട്ട് പരിഹരിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി മാസ്റ്റർ, കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിന്റെ ചാർജ്ജുള്ള കെ.പി.സി.സി സെക്രട്ടറി കെ. എം സലീം, ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.എം അമീർ , നിയോജകമണ്ഡലം ചെയർമാൻ ടി. യു രാധാകൃഷ്ണൻ എന്നിവരുൾപ്പെട്ട ജില്ലാ നേതൃത്വം കൊടുങ്ങല്ലൂരിലെത്തിയാണ് പ്രശ്നങ്ങൾ പരിഹരിച്ചത്. നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും യു.ഡി.എഫിന്റെ ഭാഗമായി ലീഗ് എല്ലാ പരിപാടിയിലും പങ്കെടുക്കാനും 10 ന് കൊടുങ്ങല്ലൂരിലെത്തുന്ന പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്ര വൻ എം.പിയുടെ മണ്ഡലം സന്ദർശനം ഉൾപ്പെടെ എല്ലാ പരിപാടികളിലും ലീഗിന് അർഹമായ അംഗീകാരം നൽകി പങ്കെടുപ്പിക്കാനും തീരുമാനിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.എം നാസർ, വി.എം മൊഹിയുദ്ദിൻ, ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ: സിജി ചെന്താമരാക്ഷൻ, യൂസഫ് പടിയത്ത്, പി.കെ നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.