wounded-and-beaten

ആൽത്തറ: കുന്നത്തൂർ മനയിൽ മദ്യം കഴിക്കാനെത്തിയവർ തമ്മിൽ വാക്കേറ്റവും അടിപിടിയും. ആക്രമണത്തിൽ ഒരാളുടെ ജനനേന്ദ്രിയം കടിച്ചു മുറിച്ചു. ആൽത്തറ തൃപ്പറ്റ് വാലിയിൽ സുലൈമാനാണ്(55) പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ കഴിയുന്നത്. പ്രതിയായ പെരുമ്പടപ്പ് സ്വദേശി മണലൂർ വീട്ടിൽ ഷെരീഫിനെ(26) വടക്കെക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

മനയിലെ ഓഡിറ്റോറിയത്തിൽ കല്യാണത്തിനെത്തിയ ഫോട്ടോഗ്രാഫറുടെ കാറും ഷെരീഫ് ഓടിച്ചുവന്ന ഓട്ടോ ടാക്‌സിയും തട്ടിയതിനെ തുടർന്ന് കാറിലുള്ളവരും ഷെരീഫും തമ്മിലുണ്ടായ വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചത്. ബഹളം കേട്ട് എത്തിയ സുലൈമാൻ ഉൾപ്പെടെയുള്ള ജീവനക്കാരും മറ്റും ചേർന്ന് ഷെരീഫിനെ തടഞ്ഞു വയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുലൈമാനെ ആക്രമിച്ചു വീഴ്ത്തി ജനനേന്ദ്രിയം കടിച്ചെടുത്തത്. ഉടൻ കുന്നംകുളം റോയൽ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

അവയവം സർജറിക്കുശേഷം തുന്നിപ്പിടിപ്പിച്ചു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുലൈമാൻ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. ആക്രമണത്തിൽ ബാർ ഉടമയ്ക്കും ജീവനക്കാർക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്. വടക്കെക്കാട് പൊലീസ് എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഷെരീഫിന്റെ പോക്കറ്റിൽ നിന്ന് ലഹരി ഗുളികളും കണ്ടത്തിയിട്ടുണ്ട്. ഇയാൾ ബാറിൽ വരുന്നതിന് മുൻപ് ഇത്തരം ഗുളിക ഉപയോഗിച്ചതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.