
തൃശൂർ: കേരള പുനർ നിർമ്മാണ പദ്ധതിയുടെ സഹായത്തോടെ മലബാർ കാർഷിക മേഖലയിലെ കർഷകർക്ക് ദൈനംദിന കാർഷിക പ്രവർത്തന സേവനം ഉറപ്പു വരുത്തുന്നതിന് കോഴിക്കോട് കൂത്താളിയിൽ കാർഷിക യന്ത്ര സംരക്ഷണ കേന്ദ്രം, കാർഷിക യന്ത്ര ശേഖരം എന്നിവയുടെ ഉദ്ഘാടനം മണ്ണുത്തി അഗ്രി റീസർച്ച് സെന്ററിൽ കൃഷി മന്ത്രി അഡ്വ. വി.എസ് സുനിൽ കുമാർ നിർവഹിച്ചു. തൊഴിൽ, എക്‌സൈസ് മന്ത്രി ടി. പി രാമകൃഷ്ണൻ ഓൺലൈനിൽ അദ്ധ്യക്ഷത വഹിച്ചു. കാർഷിക സേവന കേന്ദ്രങ്ങളുടെയും കാർഷിക കർമ്മ സേനകളുടെയും ശാക്തീകരണത്തിനുള്ള ഈ സഹായ പദ്ധതിക്ക് 5 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കാർഷിക യന്ത്രവത്കരണ മിഷനാണ് നിർവഹണ ചുമതല. തരിശുരഹിത കേരളമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
420 ലക്ഷം രൂപ വിലമതിക്കുന്ന നൂതന കാർഷികയന്ത്രങ്ങൾ പ്രത്യേകിച്ച് തരിശു നിലങ്ങളിൽ കൃഷി ചെയ്യുന്ന കാർഷിക യന്ത്രങ്ങൾ ഇതിനായി സമാഹരിച്ചു. യന്ത്രങ്ങൾ യഥാപൂർവ്വം സംരക്ഷിച്ച് ആവശ്യാനുസരണം കൃഷിയിടങ്ങളിൽ വിന്യസിക്കുന്നതിനാണ് കാർഷികയന്ത്ര സംരക്ഷണ കേന്ദ്രമൊരുക്കിയത്. വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു, സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷൻ സ്‌പെഷ്യൽ ഓഫീസർ ഡോ. യു. ജയ് കുമാരൻ, കൃഷി അഡിഷണൽ ഡയറക്ടർ കെ. രാധാകൃഷ്ണൻ, ഡയറക്ടർ ഒഫ് എക്‌സ്‌ടെൻഷൻ ജിജു പി അലക്‌സ് തുടങ്ങിയവർ പങ്കെടുത്തു.
കാർഷിക ശാക്തീകരണത്തിന് ഈ വഴി
കാർഷിക പ്രവർത്തനങ്ങൾ യന്ത്രങ്ങൾ ഉപയോഗിച്ച് ചെയ്യുക
പദ്ധതി പ്രദേശവുമായി ബന്ധപ്പെട്ടു കിടക്കുന്ന കാർഷിക കർമസേനകൾക്കും കാർഷിക സേവന കേന്ദ്രങ്ങളിലെ സേവനദായകർക്കും പ്രത്യേകം പരിശീലനം
വോട്ടവകാശം വിനിയോഗിക്കണമെന്ന്
എലിക്കോടുകാരോട് കളക്ടര്‍
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോളിംഗ് ബൂത്ത് സന്ദർശിക്കാൻ കളക്ടർ എസ്. ഷാനവാസ് വരന്തരപ്പിള്ളി എലിക്കോട് ആദിവാസി കോളനിയിലെത്തി. യോഗത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കേണ്ടതിന്റെയും, സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന്റെയും പ്രാധാന്യം നിവാസികളോട് വിശദീകരിച്ചു. നിഷ്പക്ഷമായി വോട്ട് ചെയ്യാൻ  വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്നും കളക്ടർ ഉറപ്പ് നൽകി. തുടർന്ന് പ്രദേശത്തെ ഏക പോളിംഗ് ബൂത്തായ എലിക്കോട് അംഗനവാടി സന്ദർശിച്ചു. ഇവിടേക്കുള്ള വഴിയിൽ മഴക്കാലമായാൽ ചളി നിറയുമെന്നും, അംഗനവാടിക്കുള്ളിൽ വെള്ളം കയറുമെന്നുമുള്ള പരാതിയിൽ മഴയ്ക്ക് മുമ്പ് റോഡ് ടാറിടാമെന്നും, അംഗനവാടി പോളി വിനയിൽ ഷീറ്റ് ഉപയോഗിച്ച് മറയ്ക്കാമെന്നും ഉറപ്പ് നൽകി. ആവശ്യം വന്നാൽ മറ്റൊരു താത്കാലിക ബൂത്ത് ഒരുക്കേണ്ടതിന്റെ സാദ്ധ്യതകളും വിലയിരുത്തി. ഏതാനും ദിവസം മുമ്പ് ആനയുടെ ആക്രമണത്തിൽ മരണപ്പെട്ട ഊരു മൂപ്പൻ ഉണ്ണിച്ചെക്കന്റെ വീടും കളക്ടർ സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് അവർക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകാമെന്ന് അറിയിക്കുകയും ചെയ്തു. റൂറൽ  എസ്.പി പൂങ്കുഴലി, ജില്ലാ ട്രൈബൽ ഓഫീസർ സന്തോഷ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഹരീഷ് തുടങ്ങിയവര്‍ കളക്ടറെ അനുഗമിച്ചു.