
തൃശൂർ: തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് വ്യാപകമായി എത്തിയിരുന്ന കഞ്ചാവ് യുവാക്കളേയും വിദ്യാർത്ഥികളേയും പിടികൂടിയതിനുപിന്നാലെ മയക്കുമരുന്ന് സംഘങ്ങളും തൃശൂർ ജില്ലയിൽ വിലസുന്നു.
ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവിനെ ഷാഡോ പൊലീസും തൃശൂർ വെസ്റ്റ് പൊലീസും ചേർന്ന് ഇന്നലെ പിടികൂടി. കൂർക്കഞ്ചേരി കാഞ്ഞിരങ്ങാടി സ്വദേശി ഷാ മൻസിലിൽ ഷാഫിയാണ് (30) അറസ്റ്റിലായത്. തൃശൂർ നഗരത്തിലെയും നഗരത്തോട് ചേർന്നുള്ളതുമായ ചില ന്യൂ ജനറേഷൻ തുണിക്കടകൾ കേന്ദ്രീകരിച്ച് വൻ തോതിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിറ്റി ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റിലായത്.
എം.ഡി.എം.എ, പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എൽ.എസ്.ഡി സ്റ്റാമ്പ്, എന്നിവ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. മെത്ത്, കല്ല്, പൊടി, കൽക്കണ്ടം എന്നീ പേരുകളിലാണ് ഇത് അറിയപ്പെട്ടിരുന്നത്. സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും ഇയാൾക്ക് മയക്കുമരുന്നുകളെത്തിയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
സിറ്റി പൊലീസ് കമ്മീഷണർ ആർ.ആദിത്യയുടെ നിർദ്ദേശ പ്രകാരം സിറ്റി ക്രൈംബ്രാഞ്ച് അസി.കമ്മീഷണർ ബാബു കെ തോമസ്, അസി.കമ്മിഷണർ വി.കെ. രാജു, വെസ്റ്റ് സി.ഐ സലീഷ് കുമാർ, സിറ്റി ഷാഡോ പൊലീസിലെ എസ്.ഐമാരായ ടി.ആർ. ഗ്ളാഡ്സ്റ്റൺ, എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, രാജൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വേട്ട തുടരുന്നു
കഴിഞ്ഞ മാസം 8 കിലോ കഞ്ചാവ് ആന്ധ്രയിൽ നിന്നും കടത്തി കൊണ്ടുവന്ന സംഭവത്തിലും ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. തൃശൂർ നേരെങ്ങാട്ടിൽ രാഹുലിനെയാണ് ( 21) അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുൻപ് മെഡിക്കൽ കോളേജിൽ കൊവിഡ് രോഗികളുടെ വാർഡിൽ വിതരണം ചെയ്ത ഭക്ഷണപ്പൊതിയിലും കഞ്ചാവ് കണ്ടെത്തി. എന്നാൽ ശിക്ഷ കിട്ടിയത് സാധാരണക്കാരായ കൊവിഡ് രോഗികൾക്കായിരുന്നു. ആ സംഭവം മുതൽ പുറത്തു നിന്ന് ഭക്ഷണം കൊണ്ടുവരുന്നത് മെഡിക്കൽ കോളേജ് അധികൃതർ നിറുത്തി. ഇത് നിരവധി പേർക്ക് ദുരിതമായി. കൊവിഡ് ചികിത്സയിലുള്ള തടവുകാർക്കാണ് കഞ്ചാവ് എത്തിച്ചതെന്നായിരുന്നു വിവരം.