
തൃശൂർ: നഗരത്തിലെ ചില ന്യൂ ജനറേഷൻ തുണിക്കടകളും, ചില മാളുകളും കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് ഇന്നലെ അറസ്റ്റിലായ യുവാവ് വിൽക്കാറുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നുവെങ്കിലും മയക്കുമരുന്ന് എങ്ങനെ ജില്ലയിൽ എത്തുന്നുവെന്നതിന് പൊലീസിന് ഉത്തരമില്ല.
ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്ന് ആർക്കെല്ലാം വിൽപ്പന നടത്തിയിട്ടുണ്ടെന്നുള്ള അന്വേഷണത്തിലാണ് പൊലീസ്.
മനുഷ്യശരീരത്തിന് അതിഹാനികരമായ രാസവസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന നിരോധിത എം.ഡി.എം.എയും, പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എൽ.എസ്.ഡി സ്റ്റാമ്പുമായാണ് യുവാവ് അറസ്റ്റിലാകുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും , വിവിധ സംസ്ഥാനങ്ങളിൽ നിന്നുമെത്തിക്കുന്ന മയക്കുമരുന്നുകൾ യുവാക്കളും, യുവതികളുമാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്.
എം.ഡി.എം.എ
വായിലൂടെയും, മൂക്കിലൂടെയും, ചിലർ ഇൻജക്ഷൻ ആയും ഇവ ഉപയോഗിക്കുന്നു. ഈ ലഹരി വസ്തു, ഉപയോഗിച്ച ആളുടെ നാഡി വ്യവസ്ഥയെ സ്വാധീനിക്കുന്നു. ലഹരി ആറ് മണിക്കൂർ മുതൽ എട്ടുമണിക്കൂർ വരെ നീണ്ടുനിൽക്കും. തുടർച്ചയായ ഉപയോഗം വൃക്കയെയും, ഹൃദയത്തെയും ബാധിക്കുന്നു. അമിത ഉപയോഗത്തിൽ മരണം വരെ സംഭവിക്കാം.
എൽ.എസ്.ഡി
എൽ.എസ്.ഡി മരുന്ന് കേരളത്തിൽ സ്റ്റാമ്പ് രൂപത്തിലാണ് ലഭിക്കുന്നത്. പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന ഇത്, നാവിന്റെ അടിയിൽ വെച്ചാണ് ഉപയോഗിക്കുക. നാവിനടിയിൽ വെച്ചുകഴിഞ്ഞാൽ അരമണിക്കൂറിനുള്ളിൽ ലഹരി ആരംഭിക്കുകയും ഏകദേശം ഇരുപതോളം മണിക്കൂർ വരെ നിലനിൽക്കുകയും ചെയ്യും. ഈ ലഹരി ഉപയോഗിക്കുന്ന ആൾ ചെയ്യുന്ന പ്രവൃത്തി പാരമ്യത്തിൽ ചെയ്യുന്നു. ഉദാഹരണത്തിന് വാഹനം ഓടിക്കുന്ന ഒരാൾ ഇതുപയോഗിച്ചാൽ ഉറങ്ങാതെ അമിത വേഗത്തിൽ വാഹനം ഓടിക്കുകയും അപകടങ്ങൾ ഉണ്ടാകുകയും, ചിലപ്പോൾ മരണം വരെ സംഭവിക്കുകയും ചെയ്യുന്നു.
കഞ്ചാവിന് പിന്നാലെ ...
തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് വ്യാപകമായി എത്തിയിരുന്ന കഞ്ചാവ് യുവാക്കളെയും വിദ്യാർത്ഥികളെയും പിടികൂടിയതിന് പിന്നാലെ മയക്കുമരുന്ന് സംഘങ്ങളും തൃശൂർ ജില്ലയിൽ വിലസുന്നതായാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മാസം ഇയോൺ കാറിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന 8 കിലോ കഞ്ചാവ് ആന്ധ്രയിൽ നിന്നും കടത്തി കൊണ്ടുവന്ന സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. തൃശൂർ നേരെങ്ങാട്ടിൽ രാഹുലിനെയാണ് ( 21) അറസ്റ്റ് ചെയ്തത്. എക്‌സൈസ് സംഘത്തെ കണ്ട് സാധനങ്ങൾ ഉപേക്ഷിച്ചു രക്ഷപെടുകയായിരുന്നു.
മൂന്ന് മാസം മുൻപ് മെഡിക്കൽ കോളേജിൽ കൊവിഡ് രോഗികളുടെ വാർഡിൽ വിതരണം ചെയ്ത ഭക്ഷണപ്പൊതിയിൽ കഞ്ചാവ് കണ്ടെത്തിയിരുന്നു. തുടർന്ന്, ശിക്ഷ കിട്ടിയത് സാധാരണക്കാരായ കൊവിഡ് രോഗികൾക്കായിരുന്നു. ആ സംഭവം മുതൽ പുറത്തു നിന്ന് ഭക്ഷണം കൊണ്ടുവരുന്നത് മെഡിക്കൽ കോളേജ് അധികൃതർ നിറുത്തി.
ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കു
മരുന്നുമായി യുവാവ് പിടിയിൽ
തൃശൂർ: ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവിനെ ഷാഡോ പൊലീസും തൃശൂർ വെസ്റ്റ് പൊലീസും ചേർന്ന് പിടികൂടി. കൂർക്കഞ്ചേരി കാഞ്ഞിരങ്ങാടി സ്വദേശി ഷാ മൻസിലിൽ ഷാഫിയാണ് (30) അറസ്റ്റിലായത്. തൃശൂർ നഗരത്തിലെയും നഗരത്തിനോട് ചേർന്നുള്ള ചില ന്യൂ ജനറേഷൻ തുണിക്കടകൾ കേന്ദ്രീകരിച്ച് വൻ തോതിൽ ന്യൂ ജനറേഷൻ മയക്കുമരുന്നുകൾ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിൽ സിറ്റി ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റിലായത്.
എം.ഡി.എം.എ, പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എൽ.എസ്.ഡി സ്റ്റാമ്പ്, എന്നിവ ഇയാളിൽ നിന്നും പിടിച്ചെടുത്തു. നഗരത്തിലെ ചില മാളുകളും ന്യൂ ജനറേഷൻ തുണിക്കടകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മെത്ത്, കല്ല്, പൊടി, കൽക്കണ്ടം എന്നീ പേരുകളിലാണ് ഇത് അറിയപ്പെട്ടിരുന്നത്. സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും ഇയാൾക്ക് മയക്കുമരുന്നുകളെത്തിയിരുന്നു.
സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയുടെ നിർദ്ദേശ പ്രകാരം സിറ്റി ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ബാബു കെ. തോമസ്, അസി. കമ്മിഷണർ വി.കെ. രാജു, വെസ്റ്റ് സി.ഐ സലീഷ് കുമാർ, സിറ്റി ഷാഡോ പൊലീസിലെ എസ്.ഐമാരായ ടി.ആർ ഗ്ളാഡ്സ്റ്റൺ, എൻ.ജി സുവ്രതകുമാർ, പി.എം റാഫി, രാജൻ, എ.എസ്.ഐമാരായ ഗോപാലകൃഷ്ണൻ, ജീവൻ ടി.വി, പി.കെ പഴനിസ്വാമി, കെ.ബി വിപിൻദാസ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.