dd

മാള: മാള ഗുരുധർമ്മം മിഷൻ ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിലും തുടർ നടപടികളിലും ദുരൂഹതയുള്ളതായി സൂചന. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് അതിക്രമിച്ച് കയറിയാണ് ഡോക്ടർ, നഴ്സ്, ആംബുലൻസ് ഡ്രൈവർ അടക്കമുള്ള ജീവനക്കാരെയും ആക്രമിച്ചത്. ജനുവരി ഒന്നിന് നടന്ന ആക്രമണത്തിന് ശേഷം പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാൽ കഴിഞ്ഞ 15 ന് കോടതി ഇവരുടെെ ജാമ്യാപേക്ഷ മാറ്റിവച്ചുവെന്ന വിവരമാണ് ആശുപത്രി അധികൃതർക്ക് ലഭിച്ചത്. പിന്നീട് കേസ് സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. ഇക്കാര്യത്തിൽ പൊലീസിലുംം കൃത്യമായ വിവരങ്ങൾ നൽകാനും കഴിയാത്ത അവസ്ഥയിലാണ്. മുൻകൂർ ജാമ്യാപേക്ഷ നീട്ടികൊണ്ടു പോകുന്നതിൻ്റെ കാര്യത്തിൽ പൊലീസിൽ തന്നെ സംശയങ്ങൾ ഉള്ളതായും സൂചനയുണ്ട്. അക്രമികൾ പരിക്കേൽപ്പിച്ചയാളെ തിരക്കിയാണ് ആശുപത്രിയിലെത്തിയത്. പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം തിരിച്ചുപോയിരുന്നു. ഇക്കാര്യം അറിയിച്ചപ്പോഴാണ് ആക്രമണം ഉണ്ടായത്. 20 മിനിറ്റോളം സമയം ഈ സംഘം അക്രമം തുടർന്നു. ഇതിനിടയിൽ ഏതാനും ആശുപത്രി ജീവനക്കാർക്കും പരിക്കേറ്റിരുന്നു. തലയിലും ചെവിയിലും പരിക്കേറ്റ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ അമൽ രവി ചികിത്സയിലായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. മാള പൊലീസ് മൊഴി രേഖപ്പെടുത്തി സംഭവത്തിിൻ്റെ സി.സി.ടി.വി.ദൃശ്യങ്ങൾ സഹിതമാണ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നത്. ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തിൽ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തി കണ്ടാലറിയാവുന്ന ഏഴ് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി മാള എസ്.എച്ച്.ഒ.സജിൻ ശശി അറിയിച്ചിരുന്നു.