തൃശൂർ: ലീഗൽ മെട്രോളജി വകുപ്പിന്റെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ രണ്ടാമത്തെ സെക്കൻഡറി സ്റ്റാൻഡേർഡ്‌സ് ലബോറട്ടറി ഒളരിയിലെ ലീഗൽ മെട്രോളജി ഭവനിൽ 10 ന് വൈകിട്ട് 4 ന് പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. മന്ത്രി അഡ്വ. വി.എസ് സുനിൽ കുമാർ അദ്ധ്യക്ഷത വഹിക്കും.
ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും വിവിധ മേഖലകളിൽ ഉപയോഗിക്കുന്ന അളവുതൂക്ക ഉപകരണങ്ങളുടെയും പാക്ക് ചെയ്ത ഉത്പന്നങ്ങളുടെയും കൃത്യത ഉറപ്പു വരുത്തുന്നതിനുമായി പ്രവർത്തിക്കുന്ന നിർവഹണ വിഭാഗമായ ലീഗൽ മെട്രോളജി വകുപ്പിന്റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജനോപകാരപ്രദമാക്കുന്നതിനും ഒട്ടേറെ പദ്ധതികളാണ് നടപ്പിലാക്കുന്നത്.
റഫറൻസ് സ്റ്റാൻഡേർഡ് ലബോറട്ടറിക്ക് കീഴിൽ പ്രവർത്തിക്കുന്ന സെക്കൻഡറി സ്റ്റാൻഡേർഡ്‌സ് ലബോറട്ടറികളാണ് സംസ്ഥാനത്തെ ഓഫീസുകളിൽ ഉപയോഗിക്കുന്ന വർക്കിംഗ് സ്റ്റാൻഡേർഡുകൾ പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തുന്നത്. ഇവ ഉപയോഗിച്ചാണ് വാണിജ്യ വ്യവസായ മേഖലകളിലെ ഉപകരണങ്ങൾ പരിശോധിക്കുന്നതും.