കുന്നംകുളം: നഗരസഭയിൽ 2021- 22 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ പൊതുയോഗത്തിൽ നഗര ശുചിത്വത്തിനു പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾ നടത്താൻ തീരുമാനം. ഇതിന്റെ ഭാഗമായി ജനകീയ കാമ്പയിനുകൾ സംഘടിപ്പിക്കും. ആസൂത്രണ സമിതി വൈസ് ചെയർമാൻ വി. മനോജ്കുമാർ പദ്ധതി നിർവഹണ മാർഗരേഖ അവതരിപ്പിച്ചു.
നഗരസഭയെ സമ്പൂർണ ശുചിത്വ പദവിയിലേക്ക് ഉയർത്തുന്നതിനാവശ്യമായ പദ്ധതികളും ജനകീയ കാമ്പയിനും സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിപുലപ്പെടുത്തും. പുതിയ തൊഴിൽ സംസ്‌കാരത്തിന് അനുസൃതമായ തൊഴിൽ മേഖലകൾ സൃഷ്ടിക്കുന്നതിനും അതിനുള്ള പശ്ചാത്തല സൗകര്യം പ്രാദേശികമായി ഉണ്ടാക്കിയെടുക്കുന്നതിനും യോഗം നിർദേശിച്ചു.
എല്ലാവരെയും ഉൾപ്പെടുത്തി സുസ്ഥിര വികസന ലക്ഷ്യം വച്ചുകൊണ്ടുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും യോഗം നിർദ്ദേശിച്ചു. നഗരസഭാ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ, വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ തുടങ്ങിയവർ പങ്കെടുത്തു.