moid

വടക്കാഞ്ചേരി: പാവപ്പെട്ടവർക്ക് വീട് ലഭിച്ചാൽ അവരെങ്ങനെ എൽ.ഡി.എഫിനെ മറക്കുമെന്ന് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. കേരളകൗമുദിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടര ലക്ഷം വീടുകൾ ഇതിനകം നൽകിക്കഴിഞ്ഞു. ലൈഫ് മിഷൻ തിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ചോദ്യത്തിന്

തീർച്ചയായും ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാവപ്പെട്ട ജനങ്ങൾ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. 1,500 വീടുകൾ മാർച്ചിനകം പൂർത്തീകരിക്കും. 31,000 വീടുകളുടെ പണി ഇപ്പോൾ തുടങ്ങും. അടുത്തവർഷം ഒന്നര ലക്ഷം വീടുകൾ തീർക്കാനാകും. ഈ മാസം പുതിയ അപേക്ഷകൾ ക്ഷണിക്കും. ഇന്ത്യയിലെ ഒരു സംസ്ഥാനത്തുമില്ലാത്ത പ്രവർത്തനമാണ് ഭവനനിർമ്മാണ രംഗത്ത് കേരളം നടത്തിയത്.

വടക്കാഞ്ചേരിയിലെ എം.എൽ.എ വീടുമുടക്കിയെന്ന് പറയുന്നത് ജനങ്ങളാണ്. അദ്ദേഹം ഒരിക്കലും ഇത്തരം വീടുകളുടെ നിർമ്മാണം മുടക്കാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹത്തിൻ്റെ പാർട്ടി തന്നെ പറയുന്നുണ്ടു്. ഇതിനുള്ള മറുപടിയാകും അടുത്ത തിരഞ്ഞെടുപ്പ്. 43 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ മാത്രം ജയിച്ച എം.എൽ.എയ്ക്കെതിരെ ശക്തമായ ജനരോഷമാണ് മണ്ഡലത്തിലുള്ളത്.

അതാണ് തദ്ദേശ തിരഞ്ഞെടുപ്പിലും വടക്കാഞ്ചേരിയിൽ പ്രതിഫലിച്ചത്. നഗരസഭയിൽ 6,000 വോട്ടിൻ്റെ ഭൂരിപക്ഷം ഇപ്പോൾ എൽ.ഡി.എഫിനുണ്ട്. അതുകൊണ്ടാണ് വടക്കാഞ്ചേരി വൻ ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് തിരിച്ചുപിടിക്കുമെന്ന് പറയുന്നതും.

ശബരിമല വിഷയത്തിൽ യു.ഡി.എഫ് തനി തട്ടിപ്പാണ് പ്രചരിപ്പിക്കുന്നത്. രാഹുൽ ഗാന്ധി ഉൾപ്പെടെ ഈ വിഷയത്തിൽ പറഞ്ഞതെന്തായിരുന്നു. സർക്കാരിൻ്റെ നയം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിയിലേക്ക് കോൺഗ്രസുകാർ പോകുന്നത് അവരുടെ തെറ്റായ നയം കൊണ്ടാണ്. ബി.ജെ.പി.യിലേക്ക് ആര് വരുന്നതും പോകുന്നതും എൽ.ഡി.എഫിന് പ്രശ്നമല്ല. വെൽഫയർ പാർട്ടിയായി പോലും ധാരണയുണ്ടാക്കിയ യു.ഡി.എഫിൻ്റെ നിലപാടിൽ അവരുടെ പ്രവർത്തകർ തന്നെ അസന്തുഷ്ടരാണ്. മതനിരപേക്ഷതയിൽ വെള്ളം ചേർക്കാൻ എൽ.ഡി.എഫ് ഒരിക്കലും തയ്യാറായിട്ടില്ല. പ്രയാസങ്ങളും പ്രതിസന്ധികളും നിറഞ്ഞ കാലത്താണ് അവ മറികടക്കാൻ ഇച്ഛാശക്തിയോടെ സർക്കാർ പ്രവർത്തിച്ചത്. തുടർഭരണത്തിന് അനുകൂലമായ സാഹചര്യമാണുള്ളത്. ഇക്കാലത്തിനിടയിൽ രണ്ടര ലക്ഷം വീടുകൾ നിർമ്മിച്ചു നൽകി. ആരോഗ്യരംഗത്ത് ആരോഗ്യ സുരക്ഷയ്ക്കായി സംവിധാനങ്ങൾ ഒരുക്കി. അടിസ്ഥാന സൗകര്യത്തിന് കിഫ്‌ബി വഴി 6,000 കോടിയുടെ വികസന പ്രവർത്തനം നടപ്പിലാക്കി. പെൻഷൻ കുടിശ്ശിക തീർത്തു കൊടുത്തു. 1,600 ആയി വർദ്ധിപ്പിച്ച് വീടുകളിലെത്തിച്ചു. നാനാ മേഖലയിലുള്ള ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് അനുഭാവപൂർവ്വമായ സമീപനമാണെടുത്തത്. ഇതെല്ലാം ജനങ്ങൾ നേരിട്ടനുഭവിച്ചതാണ്. ആ ബോദ്ധ്യമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ തുണയായത്. പാർട്ടി സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് പാർട്ടിയും മുന്നണിയുമാണെന്നും അദ്ദേഹം വ്യക്തമാക്കി.