national-highway

തൃശൂർ: കുറ്റിപ്പുറം - ഇടപ്പള്ളി ദേശീയപാത 66 (17) വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കി അധികൃതർ. ഏറ്റെടുത്ത ഭൂമിയുടെ വില നിർണ്ണയിച്ച് റിപ്പോർട്ട് തയാറാക്കുന്ന തിരക്കിലാണ് ഇപ്പോൾ. ഭൂമി ഏറ്റെടുക്കൽ വിഭാഗം (താലൂക്ക്) , റവന്യൂ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു.

നിർണയിക്കുന്ന ഭൂമിവിലയുടെ വില്ലേജ് തല റിപ്പോർട്ട് തയ്യാറാക്കുന്ന നടപടിയാണ് കൊടുങ്ങല്ലൂരിലെ ദേശീയപാത കോമ്പിറ്റന്റ് അതോറിറ്റി ഓഫീസിൽ പുരോഗമിക്കുന്നത്. തയ്യാറാക്കുന്ന റിപ്പോർട്ടിൽ ഭൂമിവിലയ്ക്കുള്ള ഫണ്ട് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി ഒഫ് ഇന്ത്യക്ക് (എൻ.എച്ച്.എ.ഐ) കോമ്പിറ്റന്റ് അതോറിറ്റി ഓഫീസ് റിപ്പോർട്ട് സമർപ്പിക്കും. വ്യക്തികളുടെ ഭൂവില വില്ലേജ് അടിസ്ഥാനത്തിൽ തയാറാക്കുക ശ്രമകരമാണ്.

ഇതുവരെ ആറ് വില്ലേജുകളുടെ റിപ്പോർട്ടാണ് തയാറാക്കിയിട്ടുള്ളത്. മേത്തല, കടപ്പുറം, ചെന്ത്രാപ്പിന്നി, പനങ്ങാട് വില്ലേജുകളുടെ റിപ്പോർട്ട് നൽകിക്കഴിഞ്ഞു. ആല, ലോകമലേശ്വരം വില്ലേജുകളിലെ റിപ്പോർട്ട് ഉടൻ നൽകും. ബാക്കി 14 വില്ലേജുകളുടെയും റിപ്പോർട്ട് ഇനിയും നൽകാനുണ്ട്. ഫണ്ട് ആവശ്യപ്പെട്ട് നൽകുന്ന റിപ്പോർട്ട് എൻ.എച്ച്.എ.ഐ അധികൃതർ പരിശോധിച്ച് എൻ.എച്ച്.എ.ഐ മേഖല ഓഫീസർക്ക് കൈമാറേണ്ടതുണ്ട്. അതിന് ഇനിയും സമയം വേണ്ടി വരും. ഈ നടപടികൾ പൂർത്തിയാക്കിയതിന് പിന്നാലെ മാത്രമേ വില നിർണയ അവാർഡിന്റെ കോപ്പി ഭൂ ഉടമകൾക്ക് നൽകുകയുള്ളൂ.

അതുകൊണ്ട് ഈ മാസം15നകം ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കണമെന്ന സർക്കാർ ആവശ്യം നടപ്പാക്കാനിടയില്ല. ദേശീയ പാതയോരം, പൊതുമരാമത്ത് പാതയോരം, പഞ്ചായത്ത് പാതയോരം, സ്വകാര്യഭൂമി, നിലം, പുരയിടം എന്നിങ്ങനെ തിരിച്ചാണ് ഭൂവില നിർണയം. റവന്യൂ, വനം, കൃഷി വകുപ്പുകളുടെ കീഴിൽ നടന്ന വ്യക്തിഗത വിലനിർണയം കഴിഞ്ഞു. ഒരു വില്ലേജിൽ മാത്രമാണ് വ്യക്തിഗത വില നിയന്ത്രണം അവസാനഘട്ടത്തിലുള്ളത്. അതിനിടെ ഭൂവില സംബന്ധിച്ച കാര്യത്തിൽ നിയമ നടപടി സ്വീകരിക്കുന്നതിന് അവാർഡ് കോപ്പി ലഭിക്കുന്നത് വരെ ജനത്തിന് കാത്തിരിക്കേണ്ടിവരും. അതിനിടെ വിട്ടുകൊടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരവും പുനരധിവാസവും നിശ്ചയിച്ച് നൽകുന്നതിന് ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം യാതൊരു അറിയിപ്പും കൂടാതെ നിശ്ചയിച്ച നഷ്ടപരിഹാര തുക മാറ്റിവയ്ക്കുകയും ചമയങ്ങൾ സഹിതം ഭൂമി ഏറ്റെടുക്കുമെന്ന ഭീഷണിയും പാതയോരവാസികൾക്ക് നൽകിയിട്ടുണ്ട്. നഷ്ടപരിഹാര തുക കോടതിയിൽ കെട്ടിവയ്ക്കുമെന്ന ഭീഷണിയും ചില ഉദ്യോഗസ്ഥർ മുഴക്കുന്നുണ്ട്.

വിശ്രമമില്ലാതെ ജീവനക്കാർ

ദേശീയപാത 66 (17) വികസനത്തിനായുള്ള നടപടിക്രമങ്ങൾ നടക്കുന്നത് യുദ്ധകാല അടിസ്ഥാനത്തിലാണ്. ഞായറും അവധി ദിവസങ്ങളും അടക്കം വില്ലേജ് തല ഭൂവില നിർണയ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. വൈകിയും ജോലി ചെയ്ത് തീർക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാർ. വ്യക്തിഗത വിലനിർണയം കഴിഞ്ഞുവെങ്കിലും വില്ലേജ് തല റിപ്പോർട്ട് തയ്യാറാക്കൽ സാഹസമുള്ള ജോലിയാണ്. 250 ജീവനക്കാരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതിനായി കൊണ്ടുവന്നിട്ടുണ്ട്.