sivaprasad

മാള: ഗപ്പി മുതൽ ഡിസ്‌കസ് വരെ, ശിവപ്രസാദിന്റെ അലങ്കാര മത്സ്യശേഖരം വെറും അലങ്കാരത്തിനല്ല. വരുമാനത്തിനും കൂടിയാണ്. ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് ബിരുദമുള്ള ശിവപ്രസാദ് മെഷീനുകളുടെ കൺട്രോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രമോട്ട് ചെയ്യുന്ന കമ്പനി ഉടമ കൂടിയാണ്. ഇലക്ട്രോണിക്‌സിനോടും അലങ്കാര മത്സ്യങ്ങളോടും കുട്ടിക്കാലം മുതലേ അതിയായ താത്പര്യമായിരുന്നു.

മാളയ്ക്കടുത്ത് അന്നമനട കുഴിക്കാട്ട് മോഹനന്റെയും രതിയുടെയും മകനായ ശിവപ്രസാദ് രണ്ട് വർഷം മുമ്പാണ് ഏതാനും ഗപ്പികളെ വാങ്ങി വളർത്തിത്തുടങ്ങിയത്. അഞ്ച് രൂപയുടെ ഗപ്പിയിൽ തുടങ്ങിയത് ഇന്ന് നാലായിരം രൂപയുടെ ഡിസ്‌കസിലെത്തി നിൽക്കുന്നു. വീടിനോട് ചേർന്നുള്ള 20 സെന്റ് സ്ഥലത്താണ് അലങ്കാര മത്സ്യ ശേഖരമുള്ളത്. സ്വന്തമായി നിർമ്മിച്ച ചെലവ് കുറഞ്ഞ രീതിയിലുള്ള സംഭരണികളാണ് ഉപയോഗിച്ചിട്ടുള്ളത്. വാങ്ങിയാൽ 5000 രൂപ ചെലവ് വരുന്നത് 1500 രൂപക്കാണ് നിർമ്മിച്ചത്.

ഇത്തരത്തിൽ 50 ഓളം സംഭരണികളിലായി മുംബയ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവരുന്ന വ്യത്യസ്തങ്ങളായ മത്സ്യക്കുഞ്ഞുങ്ങളെയാണ് വളർത്തുന്നത്. പലപ്പോഴായി 4 ലക്ഷത്തോളം രൂപ ഇതിനായി മുടക്കിയിട്ടുണ്ട്. ഘട്ടം ഘട്ടമായാണ് വരുമാനം ലഭിക്കുക. കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കിൽ വൈറസ് രോഗങ്ങൾ പിടിപെടാനുള്ള സാദ്ധ്യതയും ഏറെയാണ്.

വിൽപ്പനയും വരുമാനവും


മാസം ശരാശരി 15,000 മത്സ്യങ്ങളെ ഉൽപാദിപ്പിച്ച് വിൽപ്പന നടത്തും. 30,000 രൂപയോളം വിൽപനയിൽ നിന്ന് മാത്രമായി ശരാശരി വരുമാനം ലഭിക്കുന്നു. എയ്ഞ്ചൽ ഇനങ്ങൾ, പ്ലാറ്റിനം വൈറ്റ്, ടെക്‌സിടോ വെയ്ൽ, ബ്ലൂ വെയ്ൽ ടെയ്ൽ, ഫുൾ ബ്‌ളാക്ക് സൂപ്പർ, ആൻബിനോ റെഡ് കാപ്പ്, ഗോൾഡ് മാർബിൾ, റെഡ് ഡെവിൾ, ഫിലിപ്പീയൻ ബ്ലൂ, ഗപ്പി ഇനങ്ങൾ, ഓസ്‌കാർ തുടങ്ങി 50 ഓളം ഇനങ്ങളാണ് ശിവപ്രസാദിന്റെ ശേഖരത്തിലുള്ളത്. പ്രോട്ടീൻ, വൈറ്റമിൻ, ചെറിയ ജീവികൾ, പല്ലറ്റ്, മിനറൽസ് അടങ്ങിയ തീറ്റകളാണ് പ്രധാനമായും നൽകുന്നത്.

വലുപ്പം അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. മൊത്ത വിപണിയിലേക്ക് വിൽക്കുന്നതിൽ അഞ്ച് രൂപ മുതൽ വിലയുള്ള ഗപ്പികളും 4000 രൂപ വരെയുള്ള ഡിസ്‌കസും ഉണ്ട്. രാവിലെ കമ്പനിയിൽ പോകുന്നതിനു മുമ്പും ശേഷവും പൂർണമായും പരിചരണം നൽകും. അതിനിടയിൽ ഭാര്യ സൗമ്യയാണ് തീറ്റ നൽകുന്നതും സംരക്ഷിക്കുന്നതും.

ശിവപ്രസാദ്