കൊടുങ്ങല്ലൂർ: വൃദ്ധ ദമ്പതികളെ ആക്രമിച്ച് കവർച്ച നടത്താൻ ശ്രമിച്ച കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മതിൽ മൂലയിൽ പുന്നച്ചാലിൽ വീട്ടിൽ ജിഷ്ണു (21), എസ്.എൻ പുരം പൊരി ബസാറിൽ തൈക്കൂട്ടത്തിൽ വിഷ്ണു (20) എന്നിവരെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്.
മതിലകം മതിൽ മൂലയിൽ താമസിക്കുന്ന വൃദ്ധ ദമ്പതികളായ സ്രാമ്പിക്കൽ ഹമീദ് (79), ഭാര്യ സുബൈദ (68) എന്നിവരുടെ വീട്ടിലേയ്ക്കാണ് പ്രതികൾ ആക്രമിച്ച് കയറിയത്. സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളിൽ പ്രതികളെ കസ്റ്റഡിയിലെടുത്തു. മതിലകത്തെ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ച വളകൾ തിരിച്ചെടുക്കുന്നതിന് പണം കണ്ടെത്താനായിരുന്നു പ്രതികൾ ആക്രമണത്തിനും കവർച്ചയ്ക്കും പദ്ധതിയിട്ടത്.
ദിവസങ്ങൾക്ക് മുമ്പേ കൃത്യം ആസൂത്രണം നടത്തിയ ഇവർ വീടിന്റെ മുൻവശത്തുള്ള ഗ്രില്ലിന്റെ മുകളിലെ ചെറിയ ദ്വാരത്തിലൂടെ വരാന്തയിലേയ്ക്ക് ഇറങ്ങി കോളിംഗ് ബെല്ലടിച്ച് ദമ്പതികളെ ഉണർത്തുകയായിരുന്നു. വാതിലിന്റെ ഇരുവശത്തും ഒളിച്ചു നിന്ന പ്രതികൾ വാതിൽ തുറന്നയുടനെ ദമ്പതികളെ ആക്രമിക്കുകയും ഇവർ അലറി വിളിച്ചതോടെ അയൽക്കാർ സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. തുടർന്ന് പ്രതികൾ വീടിന്റെ പിൻവാതിൽ വഴി ഓടി രക്ഷപ്പെട്ടു. ദമ്പതികളുടെ സമീപവാസികളായ പ്രതികൾ കഞ്ചാവിനും മദ്യത്തിനും അടിമകളാണെന്ന് പൊലീസ് പറഞ്ഞു.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി പി.ടി.ആർ രാജേഷ്, ഇൻസ്‌പെക്ടർമാരായ കെ.എസ് സുമേഷ്, അനന്തകൃഷ്ണൻ, പത്മരാജൻ, അനീഷ് കരീം, എസ്.ഐമാരായ കെ.എസ് സൂരജ്, ക്ലീസൺ തോമസ്, കെ.കെ ബാബു. എ.എസ്.ഐമാരായ ജിജിൽ, പി. ജയകൃഷ്ണൻ, സി.കെ ഷാജു, സി.ആർ പ്രദീപ്, സി.ഐ ജോബ്, സീനിയർ സി.പി.ഒമാരായ സൂരജ് വി. ദേവ്, കെ.ഡി രമേഷ്, ഷെഫീർ ബാബു, ഇ.എസ് ജീവൻ, പി.എം ഷാൻമോൻ, അനുരാജ്, സി.പി.ഒമാരായ ഉമേഷ് കെ.എസ്, ഷിഹാബ്, വൈശാഖ് മംഗലൻ, വിജയ് മാധവൻ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.