1

വടക്കാഞ്ചേരി: പരിഭ്രാന്തി പരത്തി ജനവാസ മേഖലയിൽ അഗ്‌നിബാധ. അത്താണി ആനേടത്ത് ക്ഷേത്രത്തിനു പിറകുവശത്തുള്ള റെയിൽ പാതയോടു ചേർന്ന പറമ്പിലാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ തീ പടർന്നത്. പുറമ്പോക്കു ഭൂമിയിൽ നിന്നും തൊട്ടടുത്ത സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലേക്കും അഗ്‌നി പടർന്നതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ വെള്ളവും മറ്റുമായി തീയണക്കാൻ ആരംഭിച്ചു.

വിവരമറിഞ്ഞ് തൃശൂരിൽ നിന്നെത്തിയ അഗ്‌നി ശമന സേനാംഗങ്ങളാണ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്. മുൻ വർഷങ്ങളിലും വേനൽ അടുക്കുന്നതോടെ സമാന അനുഭവങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. സീനിയർ ഫയർ ഓഫീസർ ഹരികുമാർ അടങ്ങുന്ന അഗ്‌നി രക്ഷാ സേനാംഗങ്ങളും പ്രദേശവാസികളായ റിയ, ഷെമീമ്, കാശി, ഡാനി, പി എൻ ബിജു എന്നിവരും നേതൃത്വം നൽകി.