ചാലക്കുടി: ആനക്കയം ആദിവാസി കോളനിയിലെ യുവതിക്ക് ആംബുലൻസിൽ സുഖ പ്രസവം. 32 വയസുള്ള മിനിക്കുട്ടിയാണ് വാച്ചുമരത്തു വച്ച് പ്രസവിച്ചത്. വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് 108 ആംബുലൻസിലായിരുന്നു പൂർണ ഗർഭിണിയായ മിനിക്കുട്ടിയെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.

യാത്രാമദ്ധ്യേ പ്രസവ വേദന അനുഭവപ്പെട്ടപ്പോൾ ആംബുലൻസ് റോഡരികിൽ നിറുത്തിയിടുകയും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സിജി ജോസ് നടത്തിയ ശുശ്രൂഷയിലാണ് യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. പിന്നീട് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു.

വിനീഷ് വിജയനായിരുന്നു പൈലറ്റ്. മിനിക്കുട്ടിയുടെ പ്രസവ തീയതി ഈ മാസം 28നായിരുന്നുവെന്നും ഇ.എം.ടി, പൈലറ്റ് എന്നിവരുടെ കാര്യക്ഷമായ ഇടപെടലാണ് യുവതിക്ക് സുഗമമായ പ്രസവത്തിന് സാദ്ധ്യമായതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എൻ.എ ഷീജ പറഞ്ഞു. അതിരപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ 108 ആംബുലൻസ് പ്രവർത്തനം തുടങ്ങിയതിന് ശേഷം ഇത് മൂന്നാം തവണയാണ് യാത്രയ്ക്കിടെയുള്ള ആദിവാസി യുവതികളുടെ പ്രസവം.