കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ വടക്കെ നടയിലുള്ള തണ്ണീർ പന്തൽ കോടതി മുഖേന ദേവസ്വം ഏറ്റെടുത്തു. കോടതിയിൽ നിന്നും ആമീൻ പൊലീസ് സംരക്ഷണത്തോടെയാണ് ദേവസ്വം സ്ഥലം ഏറ്റെടുത്തത്. 1976 മുതൽ നടന്നുവരുന്ന വ്യവഹാരത്തിന് ഇതോടെ അവസാനമായി.

1098ൽ ദേശിക രാമദാസൻ എന്ന സന്യാസിക്ക് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി, ഭരണി ആഘോഷങ്ങൾക്ക് മൂന്ന് ദിവസം വീതം നീരും മോരും കൊടുക്കാൻ തിരുവെഴുത്ത് മുഖേന ഏൽപിച്ചതാണ് ആറ് സെന്റും തണ്ണിർ പന്തലും കിണറും. ദേശിക രാമദാസൻ സന്യാസി ദേശാന്തരം പോയപ്പോൾ കൈതക്കാട്ടിൽ കുഞ്ഞിക്കിളവൻ എന്നിവരെ ആധാര പ്രകാരം ഏൽപ്പിച്ചു. പിന്നീട് കുഞ്ഞിക്കിളവന്റെ പിൻതുടർച്ചക്കാർ ഇത് കൈവശം വച്ച് വാണിജ്യ അടിസ്ഥാനത്തിൽ ഉപയോഗിച്ചു. തുടർന്ന് ദേവസ്വം അവർക്ക് നൽകിയ ലൈസൻസ് അവകാശം റദ്ദാക്കി തിരികെ ദേവസ്വത്തിന് ലഭിക്കുന്നതിനായി അന്യായം ഫയൽ ചെയ്തു. ഏകദേശം ഒരു കോടി രൂപയിലധികം മതിപ്പ് വിലവരുന്ന സ്ഥലമാണിത്. കേസിൽ ദേവസ്വം വക്കീൽ അരീക്കോട് രാധകൃഷ്ണ മേനോൻ ഹാജരായി.