ചാലക്കുടി: തുമ്പൂർമുഴിയിൽ ടൂറിസം കോഴ്‌സുകൾ ആരംഭിക്കാൻ തീരുമാനം. ചെയർമാൻ ബി.ഡി. ദേവസി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന തുമ്പൂർമുഴി സി.എം.സിയുടെ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനം. ടൂറിസം മേഖലയിലെ ഹ്രസ്വകാല കോഴ്‌സുകളാവും ആരംഭിക്കുക. തുമ്പൂർമുഴി ഉദ്യാനത്തോടനുബന്ധിച്ചുള്ള സൗകര്യം ഉപയോഗപ്പെടുത്തിയാണ് കോഴ്‌സുകൾ നടത്തുക.
ഉദ്യാനത്തിലെ ഓപ്പൺ എയർ സ്റ്റേജിൽ പ്രദേശത്തെ കലാകാരന്മാർക്ക് കാല പ്രകടനങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകും. നാടൻ കലാരൂപങ്ങൾ, ക്‌ളാസിക്കൽ കലകൾ, സംഗീതാവിഷ്‌കാരം തുടങ്ങിയവയാണ് പ്രധാനമായും ഇതിൽ ഉൾപ്പെടുത്തുക. തുടക്കമെന്ന നിലയിൽ എല്ലാ ആഴ്ചയും ശനിയാഴ്ച വൈകിട്ടാണ് ഇത് അവതരിപ്പിക്കുക. തുടർന്ന് എല്ലാ ദിവസവും വൈകിട്ട് അവതരിപ്പിക്കാനുള്ള അവസരമൊരുക്കും.
പ്രദേശത്തെ കലാകാരന്മാരെ സാമ്പത്തികമായി സഹായിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് ശ്രമമെന്ന് എം.എൽ.എ അറിയിച്ചു. കൂടാതെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുമ്പൂർമുഴിയിലെ മലക്കപ്പാറ ജംഗിൾ സവാരി മാർച്ച് മാസം മുതൽ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി.