accident

തൃശൂർ : കൊവിഡ് കാലത്തെ ലോക്ഡൗണുകളും മറ്റ് നിയന്ത്രണങ്ങളും കൂടിയതോടെ ഒരു വർഷക്കാലം മുൻകാലങ്ങളെ അപേക്ഷിച്ച് വാഹനാപകട നിരക്ക് കുറഞ്ഞെങ്കിലും ഇളവുകൾ കുറഞ്ഞതോടെ അപകടങ്ങൾ ഏറുന്നു. കൂടുതൽ ഇളവുകൾ നൽകിയതോടെ അപകട നിരക്ക് വർദ്ധിക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നു. കൊവിഡ് ആശങ്ക സൃഷ്ടിച്ചെങ്കിലും കഴിഞ്ഞ വർഷം ജില്ലയിൽ റോഡപകട നിരക്ക് കുറഞ്ഞെന്ന് കണക്കുകളിൽ വ്യക്തം. മുൻ വർഷങ്ങളെ അപേക്ഷിച്ച് പകുതിയോളം അപകടങ്ങളേ 2020ൽ ഉണ്ടായിരുന്നുള്ളൂ. ലോക്ഡൗൺ പ്രഖ്യാപിച്ച കാലയളവിൽ വിരലെണ്ണാവുന്ന അപകടങ്ങൾ മാത്രമാണ് നടന്നത്. പരിക്കുകളുടെ എണ്ണത്തിലും മരണത്തിലും കുറവ് അനുഭവപ്പെട്ടു. എന്നാൽ വാഹനങ്ങളുടെ എണ്ണം നിരത്തുകളിൽ കൂടിയതോടെ വീണ്ടും അപകടപരമ്പരകളാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം ജില്ലയിൽ ബൈക്കപകടങ്ങളിൽ രണ്ട് യുവാക്കളടക്കം നാലു പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പുത്തൂരിലും അരിമ്പൂർ കുന്നത്തങ്ങാടിയിലും ഉണ്ടായ അപകടങ്ങളിലാണ് നാലു പേരുടെ ജീവൻ നടുറോഡിൽ പൊലിഞ്ഞത്. പുത്തൂരിൽ കുരിശുംമൂല വാഴക്കാലയിൽ ഉണ്ണിക്കൃഷ്ണന്റെ മകൻ രാഹുൽ കൃഷ്ണ (അപ്പു 23), കൊഴുക്കുള്ളി ചീക്കോവ് തച്ചാടിയിൽ ജയൻ മകൻ ജിതിൻ (26), അരിമ്പൂർ കുന്നത്തങ്ങാടിയിൽ ബൈക്കിടിച്ച് കാൽനടയാത്രികനായ ചാലിശ്ശേരി പോളിന്റെ മകൻ ഫ്രാൻസിസ് (48), ബൈക്ക് യാത്രികൻ തളിക്കുളം പുതിയ വീട്ടിൽ കമാലുദ്ദീന്റെ മകൻ ബദറുദ്ദീൻ (53) എന്നിവരാണ് മരിച്ചത്.
രണ്ട് ദിവസം മുമ്പ് മുതുവറയിൽ ബസിൽ നിന്ന് വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ച സംഭവവും ഉണ്ടായി. ജില്ലയിൽ കഴിഞ്ഞ വർഷം 2865 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ ഭൂരിഭാഗവും ഓഗസ്റ്റ് മുതൽ സെപ്തംബർ വരെയാണ്. 2019 ൽ 4462 അപകടങ്ങളാണ് ജില്ലയിൽ ഉണ്ടായത്. മരണവും ഈ കാലയളവിൽ തന്നെയാണ് കൂടുതലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപകടങ്ങൾ സിറ്റി പരിധിയിലും മരണം റൂറൽ പരിധിയിലുമാണ് കൂടുതൽ.

2019 ലെ ആകെ അപകടങ്ങൾ 4462

മരണം ആകെ 413

2020 ലെ ആകെ അപകടങ്ങൾ 2865

ആകെ മരണങ്ങൾ 275