crematorium

തൃശൂർ: കൊവിഡ് കാലത്ത് മൃതദേഹങ്ങൾ ദഹിപ്പിക്കാമെന്ന് സർക്കുലർ ഇറക്കിയ കത്തോലിക്ക സഭ ആദ്യത്തെ ഗ്യാസ് ക്രിമറ്റോറിയത്തിന് തറക്കല്ലിട്ടു. തൃശൂർ അതിരൂപത മുളയം ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിലാണ് 'സെന്റ് ഡാമിയൻ ക്രിമേഷൻ സെന്റർ' സ്ഥാപിക്കുന്നത്.

പള്ളി സെമിത്തേരിയിലെ കല്ലറയിൽ മൃതദേഹം അടക്കുന്ന നൂറ്റാണ്ടുകളായുള്ള രീതിയാണ് കൊവിഡ് മാറ്റുന്നത്. ചാലക്കുടിയിൽ കൊവിഡ് ബാധിച്ചയാളുടെ മൃതദേഹം ഇരിങ്ങാലക്കുട രൂപതയുടെ തച്ചുടപറമ്പിൽ പള്ളിയിൽ സംസ്‌കരിക്കുന്നത് തടഞ്ഞതോടെയാണ് സഭ മാറിച്ചിന്തിച്ചത്. കളക്‌ടറുടെ ഉത്തരവിലൂടെയാണ് അന്ന് മൃതദേഹം സംസ്‌കരിച്ചത്. തുടർന്ന് മൃതദേഹം ദഹിപ്പിക്കാൻ അനുമതി നൽകി തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് കഴിഞ്ഞ ജൂൺ 15ന് ഇടവകകൾക്ക് സർക്കുലർ അയച്ചിരുന്നു.

ദഹിപ്പിച്ചത് 29 മൃതദേഹങ്ങൾ

കൊവിഡ് ബാധിച്ച 29 പേരുടെ മൃതദേഹങ്ങളാണ് ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ ഇതുവരെ ദഹിപ്പിച്ചത്. പല ഇടവകകളിലും സെമിത്തേരികളിലും ദഹിപ്പിക്കാൻ സൗകര്യങ്ങൾ ഇല്ലായിരുന്നു. തുടർന്നാണ് മുളയത്തെ ഒരേക്കറിൽ ക്രിമറ്റോറിയത്തിന് ലൈസൻസ് തേടിയത്. അതിരൂപതയുടെ അപേക്ഷയിൽ അടിയന്തര നടപടിക്ക് ജൂലായ് 30 ന് കളക്ടർ എസ്. ഷാനവാസ് നിർദ്ദേശം നൽകിയിരുന്നു.

സഭാനിയമം പറയുന്നത്:

കത്തോലിക്കസഭയുടെ മതബോധന ഗ്രന്ഥത്തിൽ 2301 ാം ഖണ്ഡികയിൽ 'ശരീരത്തിന്റെ ഉയിർപ്പിലുള്ള വിശ്വാസത്തിൽ സംശയം പ്രകടിപ്പിക്കുന്നില്ലെങ്കിൽ ശവദാഹം അനുവദിക്കുന്നു'. സഭാനിയമവും ഇത് അനുവദിക്കുന്നുണ്ട്. എങ്കിലും ദഹിപ്പിക്കുന്നതിനേക്കാൾ സംസ്‌കരിക്കുന്നതിനാണ് മുൻഗണനയെന്ന് സംസ്‌കാര ശുശ്രൂഷയിൽ വ്യക്തമാക്കണം. ലത്തീൻ സഭാനിയമത്തിലും ശവദാഹം അനുവദിക്കുന്നുണ്ട്.


''സെമിത്തേരികളിലെ അസൗകര്യം മൂലമാണ് ക്രിമറ്റോറിയം സ്ഥാപിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംസ്‌കരിക്കാൻ തടസം നേരിടുന്നതിനാൽ മതാചാരപ്രകാരം ആദരം നൽകി സംസ്‌കരിക്കാനും ഇത് സഹായകമാകും. മറ്റ് രൂപതകളും ക്രിമറ്റോറിയം തുടങ്ങുമെന്നാണ് കരുതുന്നത്. ''

- തൃശൂർ അതിരൂപത

സർക്കുലറിലെ മറ്റു നിർദ്ദേശങ്ങൾ:

ഭൗതികാവശിഷ്ടം നിശ്ചിതകാലത്തിന് ശേഷം പള്ളി സെമിത്തേരിയിലേക്ക് മാറ്റാം

മറ്റൊരു പള്ളിയുടെ സെമിത്തേരിയിലോ വീട്ടുവളപ്പിലോ സംസ്‌കരിക്കാം