
തൃശൂർ: കൊവിഡ് പ്രോട്ടോകോളിന്റെ തൊഴിലില്ലാതാക്കുന്ന അധികൃതരുടെ സമീപനത്തിനെതിരെ പ്രത്യക്ഷ സമരവുമായി വാദ്യകലാകാരന്മാർ. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള ഉത്സവ സീസൺ സമയങ്ങളിൽ മാത്രമാണ് ഇവർക്ക് കാര്യമായ വരുമാനം ലഭിക്കാറുള്ളത്. എന്നാൽ കൊവിഡ് മൂലം ഉത്സവച്ചടങ്ങുകൾ മാത്രമായതോടെ അഭിഷേക ചടങ്ങുകളും മറ്റ് നടത്തുമ്പോഴുണ്ടാകാറുള്ള വാദ്യകലകൾ നടത്താനുള്ള അനുമതിയും പൊലീസ് നിഷേധിക്കുകയാണ്. കൊവിഡ് മൂലം വാദ്യഘോഷങ്ങൾ നിറുത്തലാക്കിയതോടെ ഒരു വർഷത്തോളമായി യാതൊരു തൊഴിലുമില്ലാതെ ദുരിതത്തിലാണ് വാദ്യകലാകാരന്മാർ.
പാരമ്പര്യമായി വാദ്യകലകൾ മാത്രം ചെയ്യുന്നതിനാൽ ഇവർക്ക് മറ്റൊരു തൊഴിലും വശമില്ല. ഉത്സവ സീസണിൽ 100 ഓളം പ്രോഗ്രാമുകൾ കിട്ടിയിരുന്നിടത്ത് അഞ്ചിൽ താഴെ പ്രോഗ്രാമുകൾ മാത്രമാണ് ലഭിക്കുന്നത്. നേരത്തെ പ്രോഗ്രാമുകൾ ബുക്ക് ചെയ്ത പലരും കാൻസൽ ചെയ്യുന്നതും സാധാരണമായി. ജനുവരി ആദ്യം ചെറിയതോതിൽ ഉത്സവം നടത്താനനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും ആൾക്കൂട്ടം പാടില്ലെന്ന് കളക്ടർ ഉത്തരവിട്ടതോടെ ഉത്സവങ്ങൾക്ക് അനുമതി നൽകുന്ന പൊലീസ് സ്റ്റേഷനുകൾ വാദ്യകലകൾ നടത്താനനുവദിക്കുന്നില്ല. കൊവിഡ് മൂലം നാദസ്വരം, തകിൽ മേളം നടത്തുന്ന ജില്ലയിൽ 50 ടീമുകളിലായി 2,000 വാദ്യകലാകാരന്മാരാണ് ഉപജീവനത്തിന് ഗതിയില്ലാതെ ഇതോടെ ദുരിതത്തിലായിരിക്കുന്നത്.
അവഗണന അവസാനിപ്പിക്കണം
വാദ്യകലാകാരന്മാരോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് നാദസ്വര തകിൽ വാദ്യകലാ സംഘടന (എൻ.ടി.വി.എസ്) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഏപ്രിൽ മാസത്തിൽ ഉത്സവ സീസൺ അവസാനിക്കുന്നതിനാൽ ഈ മാസം തന്നെ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് വാദ്യകലകൾ അവതരിപ്പിക്കുന്നതിന് അനുമതി നൽകുക, കലാകാരന്മാർക്ക് പലിശരഹിത വായ്പ അനുവദിക്കുക, ബോർഡ് രൂപീകരിച്ച് ക്ഷേമനിധി സമ്പ്രദായം നടപ്പാക്കുക, കലാകാരന്മാർക്ക് ധനസഹായം നൽകുക തുടങ്ങിയ കാര്യങ്ങൾ അവർ ആവശ്യപ്പെട്ടു.
നാദസ്വരം വായിച്ച് കളക്ടറേറ്റ് മാർച്ച്
വാദ്യകലാകാരന്മാരുടെ പ്രശ്‌നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണാത്തപക്ഷം നാദസ്വരം വായിച്ച് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് നാദസ്വര തകിൽ വാദ്യകലാ സംഘടന (എൻ.ടി.വി.എസ്) ഭാരവാഹികൾ അറിയിച്ചു. കളക്ടർ, സാംസ്‌കാരിക മന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിട്ടും നിഷേധാത്മക സമീപനം തുടരുകയാണെന്ന് ജില്ലാ പ്രസിഡന്റ് സുധിൻ ശങ്കർ, വൈസ് പ്രസിഡന്റ് സുജേഷ് നമ്പഴിക്കാട്, സെക്രട്ടറി ഉണ്ണിക്കുട്ടൻ കോട്ടപ്പടി, ജോ. സെക്രട്ടറി ബിജു പുതുരുത്തി, ട്രഷറർ അജിത് പേരകം എന്നിവർ ചൂണ്ടിക്കാട്ടി.