akasa-nadapatha

തൃശൂർ: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി തൃശൂർ ശക്തൻ നഗറിൽ കോർപറേഷൻ സ്ഥാപിക്കുന്ന ആകാശ നടപ്പാതയുടെ നിർമ്മാണം പുരോഗമിക്കുന്നു. വൈദ്യുതീകരണം, വെളിച്ചം എന്നിവയെല്ലാം ഒരുക്കി അടുത്ത വർഷം ഫെബ്രുവരിയോടെ ജനങ്ങൾക്ക് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.

ആകാശ നടപ്പാത സ്ഥാപിക്കുന്നതിനുള്ള കോൺക്രീറ്റ് തൂണുകൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ആകാശ നടപ്പാതയുടെ ഫാബ്രിക്കേഷൻ ജോലികൾ പൂർത്തിയാക്കിയ ശേഷം ഡിസംബറോടെ ക്രെയിനിന്റെ സഹായത്തോടെ ഇവയുടെ ഓരോ ഭാഗവും എടുത്തുയർത്തി ഈ തൂണുകളിൽ സ്ഥാപിക്കും.

അതിന് ശേഷം ദിവസവും പതിനായിരക്കണക്കിന് പേർ കടന്നുപോകുന്ന തൃശൂർ ശക്തൻ നഗറിൽ നിരവധി അപകട മരണങ്ങളുണ്ടായിട്ടുണ്ട്. അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തൃശൂർ കോർപറേഷൻ ആകാശ നടപ്പാത പദ്ധതി നടപ്പാക്കുന്നത്. റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടം മിക്കതും ഉണ്ടായത്. ശക്തൻ നഗറിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി ടൈൽസ് പതിച്ചതോടെ സീബ്രാലൈൻ മായുകയും കാൽനട യാത്രികർക്ക് റോഡ് മുറിച്ച് കടക്കുന്നത് കൂടുതൽ ദുഷ്‌ക്കരമാകുകയുമായിരുന്നു. ആകാശപ്പാത പൂർത്തിയാവുന്നതോടെ ശക്തനിലെ ഗതാഗതക്കുരുക്കിനും കാൽനടയാത്രികരുടെ പ്രശ്‌നങ്ങൾക്കും പരിഹാരമാവും.

തറക്കല്ലിട്ടത് 2019 ൽ

2019 ൽ അജിതാ വിജയൻ തൃശൂർ കോർപറേഷൻ മേയറായിരിക്കുന്ന സന്ദർഭത്തിലാണ് ആകാശനടപ്പാതയ്ക്ക് തറക്കല്ലിട്ടത്. ശക്തൻ സ്റ്റാൻഡിനും പച്ചക്കറി മാർക്കറ്റിനും ഇടയിലുള്ള ജംഗ്ഷന് ചുറ്റും 270 മീറ്റർ ചുറ്റളവിൽ മൂന്ന് മീറ്റർ വീതിയിലാണ് ആകാശനടപ്പാത (സ്‌കൈവാക്ക്) നിർമിക്കുന്നത്. റോഡ് നിരപ്പിൽ നിന്ന് ആറ് മീറ്റർ ഉയരത്തിലാണ് നിർമ്മിക്കുകയെന്ന് അമൃത് പ്രോജക്ട് അർബൻ ഇൻഫ്രാസ്ട്രക്ചർ വിദഗ്ദ്ധൻ എൻ. രാഹുൽ, അർബൻ പ്ലാനർ പി.ജെ. റഹ്മത്ത് എന്നിവർ പറഞ്ഞു.

കഴിഞ്ഞവർഷം മാർച്ചിൽ നിർമ്മാണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുക്കാനായിരുന്നു തീരുമാനം. കൊവിഡ് വ്യാപനമുണ്ടായതിനെ തുടർന്ന് നിർമ്മാണം മന്ദഗതിയിലായി. ആകാശനടപ്പാത വരുന്നതോടെ അതിലെ കവാടം കയറി പച്ചക്കറിച്ചന്ത, മത്സ്യ, മാംസച്ചന്ത, ശക്തൻ സ്റ്റാൻഡ്, പട്ടാളം മാർക്കറ്റ്, ശക്തൻ കൺവെൻഷൻ ഗ്രൗണ്ട് എന്നിവിടങ്ങളിലേയ്ക്ക് സുരക്ഷിതമായി ഇറങ്ങാം. ഈ ഭാഗങ്ങളിൽ ആളുകൾ റോഡിലേയ്ക്കിറങ്ങുന്ന ഭാഗം അടച്ചിടും. ആകാശപ്പാതയ്ക്ക് എട്ടു കവാടങ്ങളുണ്ടാവും. ഉരുക്കുകൊണ്ട് നിർമ്മിക്കുന്ന ആകാശപ്പാതയ്ക്ക് 16 തൂണുകളുണ്ടാവും. നടപ്പാലത്തിന് ചുറ്റും മുകളിലും സ്റ്റീലിന്റെ കവചവും ഒരുക്കും.

........................

നിർമ്മാണച്ചെലവ്: 5.30 കോടി രൂപ

കേന്ദ്രസർക്കാർ: 50 ശതമാനം

സംസ്ഥാന സർക്കാർ:30 ശതമാനം

കോർപ്പറേഷൻ: 20 ശതമാനം