accident

തൃശൂർ : ലോക് ഡൗണിലും മറ്റ് നിയന്ത്രണങ്ങളിലും വാഹനാപകട നിരക്ക് കുറഞ്ഞെങ്കിലും ഇളവുകൾ കൂടിയതോടെ അപകടങ്ങളേറുന്നു. കൂടുതൽ ഇളവുകൾ നൽകിയതോടെ അപകട നിരക്ക് വർദ്ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു.

മുൻ വർഷങ്ങളെ അപേക്ഷിച്ച് പകുതിയോളം അപകടങ്ങളേ 2020ൽ ഉണ്ടായിരുന്നുള്ളൂ. ലോക്ഡൗൺ പ്രഖ്യാപിച്ച കാലയളവിൽ വിരലെണ്ണാവുന്ന അപകടമാണ് നടന്നത്. പരിക്ക് പറ്റുന്ന ആളുകളുടെ എണ്ണത്തിലും മരണത്തിലും കുറവ് അനുഭവപ്പെട്ടു. എന്നാൽ വാഹനങ്ങളുടെ എണ്ണം നിരത്തുകളിൽ കൂടിയതോടെ വീണ്ടും അപകട പരമ്പരകളാണ് ഉണ്ടാകുന്നത്. അടുത്തിടെ ജില്ലയിൽ നിരവധി അപകടങ്ങളാണ് ഉണ്ടായത്. പുത്തൂരിലും അരിമ്പൂർ കുന്നത്തങ്ങാടിയിലും ഉണ്ടായ അപകടങ്ങളിൽ നാലു പേരുടെ ജീവൻ നടുറോഡിൽ പൊലിഞ്ഞു. പുത്തൂരിൽ കുരിശുംമൂല വാഴക്കാലയിൽ ഉണ്ണിക്കൃഷ്ണന്റെ മകൻ രാഹുൽ കൃഷ്ണ (അപ്പു 23), കൊഴുക്കുള്ളി ചീക്കോവ് തച്ചാടിയിൽ ജയൻ മകൻ ജിതിൻ (26), അരിമ്പൂർ കുന്നത്തങ്ങാടിയിൽ ബൈക്കിടിച്ച് കാൽനടയാത്രികനായ ചാലിശ്ശേരി പോളിന്റെ മകൻ ഫ്രാൻസിസ് (48), ബൈക്ക് യാത്രികൻ തളിക്കുളം പുതിയ വീട്ടിൽ കമാലുദ്ദീന്റെ മകൻ ബദറുദ്ദീൻ (53) എന്നിവരാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് മുതുവറയിൽ ബസിൽ നിന്ന് വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ച സംഭവവും ഉണ്ടായി. വടക്കാഞ്ചേരി ഉൾപ്പെടെയുള്ള ഇടങ്ങളിലും അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ദേശീയ സംസ്ഥാന ഗ്രാമ പാതാ ഭേദമില്ലാതെയാണ് അപകടങ്ങൾ ഉണ്ടാകുന്നത്.


പിന്നിൽ മത്സരയോട്ടവും


അപകടങ്ങളിൽപെടുന്നത് കൂടുതലും മുൻകാലങ്ങളെ പോലെ ബൈക്കുകൾ തന്നെയാണ്. ലോക്ഡൗൺ കാലത്ത് ബൈക്കുകളുമായി കറങ്ങുന്നവർക്കെതിരെ ശക്തമായ നടപടികൾ പൊലീസ് സ്വീകരിച്ചിരുന്നു. എന്നാൽ ഇളവുകളായതോടെ ബൈക്കുകൾ പലയിടത്തും ചീറിപ്പായുന്ന കാഴ്ചയാണ്. ചില റൂട്ടുകളിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും തുടങ്ങി. ജില്ലയിൽ അമ്പത് ശതമാനത്തോളമേ ബസുകൾ സർവ്വീസ് നടത്തുന്നുള്ളൂ.