
തൃശൂർ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ 'സംശുദ്ധം; സദ്ഭരണം' എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് ആവേശോജ്ജ്വല സ്വീകരണം. ഇന്നലെ രാവിലെ പഴയന്നൂരിൽ നിന്നായിരുന്നു ജില്ലാ പര്യടനത്തിന്റെ തുടക്കം.
പാലക്കാട് ജില്ലയിലെ യാത്രയ്ക്ക് ശേഷമാണ് തൃശൂരിലെത്തിയത്. പാലക്കാട് നിന്നുമെത്തിയ യാത്രയുടെ നായകൻ രമേശ് ചെന്നിത്തലയെ ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലശ്ശേരി എന്നിവർ ഹാരാർപ്പണം നടത്തി. എം.പിമാരായ ടി. എൻ പ്രതാപൻ, ബെന്നി ബഹനാൻ, കെ.പി.സി.സി ഭാരവാഹികളായ പത്മജാ വേണുഗോപാൽ, ഒ. അബ്ദുറഹിമാൻ കുട്ടി, മുൻ എം.എൽ എ പി. എ മാധവൻ, യു.ഡി.എഫ് നേതാക്കളായ എ.ആർ ഗിരിജൻ, അമീർ, സി.വി കുര്യാക്കോസ്, പി.ആർ.എൻ നമ്പീശൻ, അഡ്വ. ജോസഫ് ടാജറ്റ്, ടി.യു. രാധാകൃഷ്ണൻ, സുനിൽ അന്തിക്കാട്, ജോസ് വള്ളൂർ, രാജേന്ദ്രൻ അരങ്ങത്ത് , ഷാജി കോടങ്കണ്ടത്ത്, കെ.ബി ശശികുമാർ, സി.എസ് ശ്രീനിവാസൻ, സി.സി ശ്രീകുമാർ, എ. പ്രസാദ്, ടി.ജെ സനീഷ് കുമാർ, ജോൺ ഡാനിയേൽ തുടങ്ങി നേതാക്കൾ സ്വീകരണത്തിന് നേതൃത്വം നൽകി.
വാദ്യമേളങ്ങളുടെയും വാഹനവ്യൂഹങ്ങളുടെയും അകമ്പടിയോടെയായിരുന്നു സ്വീകരണം. തുടർന്ന് ചേലക്കര, കുന്നംകുളം , ചാവക്കാട്, കാഞ്ഞാണി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് നഗരത്തിലെത്തിയത്. തൃശൂർ, ഒല്ലൂർ നിയോജക മണ്ഡലങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് തെക്കേ ഗോപൂര നടയിൽ കേരള യാത്രയ്ക്ക് സ്വീകരണം ഒരുക്കിയത്.
ഡി.സി.സി പ്രസിഡന്റ് എം.പി വിൻസന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തേറമ്പിൽ രാമകൃഷ്ണൻ, ടി.വി ചന്ദ്രമോഹൻ, കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, മുൻ മേയർ ഐ.പി പോൾ, ജോൺ ഡാനിയേൽ, എ. പ്രസാദ് തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു. നേതാക്കളായ സി.പി ജോൺ, രമ്യ ഹരിദാസ് എം.പി, എം.എം. ഹസൻ, അനൂപ് ജേക്കബ്, എ.ഐ.സി.സി സെക്രട്ടറി ഇവാൻ ഡിസൂസ, ലതികാ സുഭാഷ് , അബ്ദുൾ മുത്തലിബ്, ജി. ദേവരാജൻ, പി.സി ചാക്കോ, ഫ്രാൻസിസ് ജോർജ്, എന്നിവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചു.
ഇന്നത്തെ പര്യടനം
രാവിലെ പത്തിന് ആമ്പല്ലൂരിൽ നിന്നാണ് രണ്ടാം ദിന പര്യടനം ആരംഭിക്കുക. 11.30ന് ഇരിങ്ങാലക്കുട, മൂന്നിന് ചേർപ്പ്, നാലിന് കയ്പ്പമംഗലം മൂന്നുപീടിക, അഞ്ചിന് കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലെ സ്വീകരണ ശേഷം ആറിന് ചാലക്കുടിയിൽ നടക്കുന്ന പൊതുസമ്മേളനത്തോടെ ജില്ലയിലെ പര്യടനം സമാപിക്കും.