 
കയ്പമംഗലം: വെള്ളക്കെട്ടുണ്ടാകുന്ന മേഖലയിൽ തണ്ണീർത്തടങ്ങൾ നികത്തുന്നതായി ആക്ഷേപം. കയ്പമംഗലം പഞ്ചായത്ത് 3-ാം വാർഡ് കാളമുറി പടിഞ്ഞാറ് ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ പാടവും, തോടും കുളവുമായി കിടക്കുന്ന 30 സെന്റോളം വരുന്ന സ്ഥലമാണ് നികത്തുന്നത്. ഇതിനെതിരെ പൊതുപ്രവർത്തകർ അധികൃതർക്ക് പരാതി നൽകി. മാസങ്ങൾക്ക് മുമ്പേ ഈ സ്ഥലത്തിനു ചുറ്റും ഉയരത്തിൽ തുണികൊണ്ട് മറച്ചിരുന്നു. നികത്തുന്ന സ്ഥലത്തിന് വടക്ക് വശത്തുള്ള ദൈവത്തുംകാട് ഭാഗത്ത് നിന്നും ഒഴുകി വരുന്ന വെള്ളം നികത്തിക്കൊണ്ടിരിക്കുന്ന തോട്ടിലും കുളത്തിലേക്കും വന്ന് അവിടെ നിന്ന് കാളമുറി പടിഞ്ഞാറ് ഭാഗത്തേയ്ക്ക് പോകുന്ന സ്ഥിതിയിലായിരുന്നു. കുളവും പാടവും ഇല്ലാതായാൽ എസ്.എൻ റോഡിന്റെ തെക്കെ അറ്റത്തും ദൈവത്തുംകാട് പരിസരത്തും രൂക്ഷമായ വെള്ളക്കെട്ടുണ്ടാകുമെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ മഴക്കെടുതികളിൽ ഈ ഭാഗത്ത് വെള്ളകെട്ട് രൂക്ഷമായിരുന്നുവെന്നും ഇത് നികത്തിയാൽ മേഖല മുഴുവനും വെള്ളത്തിലാകുമെന്നും മുൻ പഞ്ചായത്തംഗം സുരേഷ് കൊച്ചുവീട്ടിൽ പറഞ്ഞു.