chennithala

ചേലക്കര: കേരളത്തെ വർഗീയവത്കരിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരള യാത്രയ്ക്ക് ചേലക്കരയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയത പറഞ്ഞ് മതങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുക്കാനുള്ള ശ്രമമാണ് സി.പി.എമ്മിന്. രാവിലെ സുരേന്ദ്രൻ പറയുന്നതാണ് വൈകിട്ട് വിജയരാഘവൻ പറയുന്നത്. ഇത് സി.പി.എം ബി.ജെ.പി കൂട്ടുകെട്ടിന്റെ തെളിവാണ്.

മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതിയതോടെ സ്വർണ കള്ളക്കടത്ത് അഴിമതി അന്വേഷണം ഇപ്പോൾ ഇല്ലാതായി. ശബരിമല വിഷയത്തിൽ സർക്കാരിന്റെ നിലപാടെന്തെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പിൻവലിച്ച് വിശ്വാസികളോട് മാപ്പ് പറയുമോയെന്നും ചെന്നിത്തല ചോദിച്ചു. യു.ഡി.എഫ് കൺവീനർ എം.എം ഹസൻ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ഇവാൻ ഡിസൂസ മുഖ്യാതിഥിയായി. യു.ഡി.എഫ് ചേലക്കര നിയോജക മണ്ഡലം കൺവീനർ പി.എം അമീർ അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, കൺവീനർ കെ.ആർ ഗിരിജൻ, എം.പിമാരായ ബെന്നി ബെഹനാൻ, ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, യു.ഡി.എഫ് നേതാക്കളായ ഉമ്മർ, തോമസ് ഉണ്ണിയാടൻ, ഒ. അബ്ദുറഹ്മാൻ കുട്ടി, പദ്മജ വേണുഗോപാൽ, ഇ. വേണു ഗോപാല മേനോൻ, ടി.എം കൃഷ്ണൻ, ടി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.