മാള: വിജ്ഞാനദായിനി സഭ ചക്കാംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ കുംഭ ഭരണി ആഘോഷം ചരിത്രത്തിലാദ്യമായി ചടങ്ങിലൊതുക്കുന്നു. കൊവിഡ് പശ്ചാത്തലത്തിൽ മഹോത്സവം ക്ഷേത്ര ആചാരങ്ങൾക്ക് അനുസരിച്ചുള്ള ചടങ്ങുകളിൽ മാത്രം ആഘോഷിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. വിവിധ ദേശക്കാരുടെ താലാഘോഷവും ഇത്തവണ താലി സ്വീകരണ ചടങ്ങ് മാത്രമായി നടത്തും.

എല്ലാ ദിവസവും ഉണ്ടാകാറുള്ള കലാപരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. 11ന് ക്ഷേത്ര ചടങ്ങുകൾ തുടങ്ങും. ക്ഷേത്രം ആചാര്യൻ ഡോ. ടി.എസ് വിജയൻ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. 12ന് തണ്ടിക വരവിന് ശേഷം രാത്രി തന്ത്രി എം.എൻ നന്ദകുമാർ കൊടിയേറ്റം നിർവഹിക്കും. 13ന് ഗുരുദേവ പ്രതിഷ്ഠാ ദിനാചരണം നടക്കും. 14ന് മഹാഗണപതി ഹോമവും ഭഗവതിക്ക് തോറ്റം പാട്ടും നടക്കും.

15ന് പ്രതിഷ്ഠാ ദിനാഘോഷവും ഭഗവതിക്ക് തോറ്റം പാട്ടും. 16ന് ദീപക്കാഴ്ചയും,​ 17ന് പൂമൂടൽ പള്ളിവേട്ട ചടങ്ങുകളും നടക്കും. 18ന് പ്രസിദ്ധമായ ഭരണി മഹോത്സവം. 19ന് ഗുരുതി തർപ്പണത്തോടെ നടയടക്കും. 25ന് നടതുറപ്പു മഹോത്സവം. നടതുറപ്പിനാണ് കലംപൂജയും തെണ്ട് വഴിപാട് സമർപ്പണവും നടക്കും. വാർത്താസമ്മേളനത്തിൽ സഭ പ്രസിഡന്റ് എ.ആർ രാധാകൃഷ്ണൻ,​ ജനറൽ സെക്രട്ടറി സി.ജി,​സുധാകരൻ,​ ബോർഡ് അംഗം പി.കെ സുജൻ എന്നിവർ പങ്കെടുത്തു.