കയ്പമംഗലം: പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടം നേടിയവർക്ക് ലഭിച്ച റാങ്കിന്റെ അടിസ്ഥാനത്തിൽ നിയമനം നൽകാനുള്ള സത്വര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ബി.ഡി.ജെ.എസ് കയ്പമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് ഹരിശങ്കർ പുല്ലാനി ആവശ്യപ്പെട്ടു. യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടും വർഷങ്ങളായി ജോലിക്ക് വേണ്ടി കാത്തിക്കേണ്ട സ്ഥിതിയാണ് ഉദ്യോഗാർത്ഥികൾക്കുള്ളത്.
അധികാരത്തിന്റെ മറവിൽ നേതാക്കളുടെ ഭാര്യമാർക്കും കുടുംബാംഗങ്ങൾക്കും പിൻവാതിലിലൂടെ നിയമനം നൽകുമ്പോൾ നിലവാരമുള്ള ഉദ്യോഗാർത്ഥികളുടെ അവസരമാണ് നഷ്ടപ്പെടുന്നത്. ഈ നടപടി ഇനി ആവർത്തിക്കാൻ പാടില്ലെന്നും, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഉടനടി നിയമനം നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ മോഹനൻ കണ്ണമ്പുള്ളി, ബിനോയ് പറമ്പിൽ, കെ.ജി ഉണ്ണിക്കൃഷ്ണൻ, സത്യൻ കണ്ണിയത്ത് എന്നിവർ സംസാരിച്ചു.