ചാലക്കുടി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തൃശൂർ ജില്ലാ സമാപനം ബുധനാഴ്ച ചാലക്കുടിയിൽ വിപുലമായ ചടങ്ങുകളോടെ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. രാത്രി ഏഴിന് നഗരസഭാ ടൗൺഹാൾ മൈതാനിയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസ്സൻ, ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ് തുടങ്ങിയ പ്രമുഖ നേതാക്കൾ സംസാരിക്കും.
സ്വീകരണത്തിന് മുന്നേടിയായി നഗരത്തിൽ പ്രകടനം നടക്കും. വൈകീട്ട് അഞ്ചിന് നോർത്ത് ബസ് സ്റ്റാൻഡിൽ നിന്നാരംഭിക്കുന്ന പ്രകടനം മാർക്കറ്റ് റോഡ്, സൗത്ത് ജംഗ്ഷൻ, മെയിൻ റോഡ് എന്നിവ കൂടി സമ്മേളന നഗറിൽ സമാപിക്കും. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, യു.ഡി.എഫ് ചെയർമാൻ അഡ്വ. സി.ജി. ബാലചന്ദ്രൻ, ഒ.എസ്. ചന്ദ്രൻ, കെ. ജയിസ് പോൾ തുടങ്ങിവയർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.