ചാലക്കുടി: കൊരട്ടിയിൽ റോഡ് വീതികൂട്ടുന്നതിന് തടസമായി പുറമ്പോക്കിൽ നിന്നിരുന്ന കഞ്ഞിക്കട പൊലീസ് സാന്നിദ്ധ്യത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ പൊളിച്ചുമാറ്റി. ദേവമാത കുലയിടം റോഡിൽ ദേവമാത ആശുപത്രിക്ക് സമീപത്തെ കടയാണ് ശക്തമായ എതിർപ്പ് മറികടന്നു പൊളിച്ചു മാറ്റിയത്.

ദേവമാതാ അവന്യു റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാട്ടുകാർ കഞ്ഞിക്കട മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തെ മുതൽ രംഗത്തുണ്ടായിരുന്നു. കളക്ടർ നിർദ്ദേശിച്ചിട്ടും ഒരു വിഭാഗത്തിന്റെ സംരക്ഷണത്തിൽ കട പ്രവർത്തിച്ചു വരികയായിരുന്നു. ഇതിനിടെ കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് നടക്കുന്ന റോഡ് വികസനത്തിനും കടയുടെ നിൽപ്പ് പ്രശ്‌നമായി.

കട പൊളിച്ചു മാറ്റാതെ റോഡ് ടാറിംഗിന് അനുവദിക്കില്ലെന്ന നിലപാടുമായി നാട്ടുകാർ രംഗത്തെത്തിയതോടെ പ്രശ്‌നം സങ്കീർണമായി. എന്നാൽ ചില രാഷ്ട്രീയ പാർട്ടി നേതാക്കൾ കടപൊളിക്കുന്നതിനെ എതിർത്തു. ഇതിനിടെ കൊരട്ടി പൊലീസും എത്തി. ഒടുവിൽ കഞ്ഞിക്കട പൊളിച്ചുമാറ്റുകയായിരുന്നു.