പാവറട്ടി: കോൾ കർഷകർക്ക് ആശ്വാസമായി കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപറേഷൻ (കെ.എൽ.ഡി.സി) ചാലുകൾക്ക് ആഴം കൂട്ടിത്തുടങ്ങി. രണ്ട് പ്രളയങ്ങളിലുമായി ചാലുകളിൽ മണ്ണ് അടിഞ്ഞ നിലയിലായിരുന്നു. വേനലിൽ വെള്ളം അധികം സംഭരിക്കാൻ ഇതുമൂലം കഴിഞ്ഞിരുന്നില്ല. മഴക്കാലത്താകട്ടെ ചാലുകൾ കവിഞ്ഞൊഴുകി ബണ്ട് തകരുന്ന അവസ്ഥയിലായിരുന്നു. ഇതിന് പരിഹാരമായാണ് റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കോൾ ചാലുകൾ ആഴം കൂട്ടാൻ തുടങ്ങിയത്.

മുണ്ടൂർ മുതൽ മുള്ളൂർ കായൽ, ചാത്തൻകോൾ ബ്രാഞ്ച് കനാൽ എന്നിവിടങ്ങൾ വരെ പേരാമംഗലം തോടിൽ നടക്കുന്ന 5.840 കിലോമീറ്റർ ദൂരം ആഴംകൂട്ടൽ അവസാന ഘട്ടത്തിലെത്തി. 1.21 കോടി രൂപയാണ് ചെലവിടുന്നത്. ബാർജറിൽ മണ്ണുമാന്തി യന്ത്രം ഘടിപ്പിച്ചാണ് പ്രവൃത്തികൾ നടന്നുവരുന്നത്. ഇതിനുശേഷം ചാത്തൻ കോൾ ബ്രാഞ്ച് കനാൽ മുതൽ മുല്ലശ്ശേരി കനാലിൽ 3.120 കിലോമീറ്റർ ദൂരത്തിൽ ആഴം കൂട്ടും.

തുടർന്ന് ഇടത് കടാംതോട്, വലത് കടാംതോട് 5.847 കിലോമീറ്റർ ദൂരത്തിൽ ആഴം കൂട്ടും. പിന്നീട് ഇടത് ചെമ്മീൻ ചാൽ, വലത് ചെമ്മീൻ ചാൽ എന്നിവ 7.583 കിലോ മീറ്റർ ദൂരം 1.94 കോടി രൂപ ചെലവിട്ട് ആഴം കൂട്ടും. 18 മാസം കൊണ്ട് മുഴുവൻ ജോലികളും പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. എല്ലാ ചാലുകളും ഒരു മീറ്ററാണ് ആഴം കൂട്ടുന്നത്. ആഴം കൂട്ടുമ്പോൾ കിട്ടുന്ന മണ്ണ് ഉപയോഗിച്ച് കനാൽ ബണ്ട് ഉയർത്തി ബലപ്പെടുത്തുന്നുമുണ്ട്. ഇതോടെ ചാലുകളിൽ ഇരട്ടി വെള്ളം സംഭരിക്കാനാകും. വേനലിലും വെള്ളം ഉറപ്പാക്കാം. കിണറുകൾ ഉൾപ്പെടെയുള്ള ജലസ്രോതസുകളിലും ജലസമൃദ്ധി നിലനിറുത്തുന്നതിനാൽ വലിയൊരു പ്രദേശത്തെ ശുദ്ധജലക്ഷാമത്തിനും പരിഹാരമാകും.