പാവറട്ടി: മണലൂർ മണ്ഡലത്തിലെ മതുക്കര ഗ്രാമം അംബേദ്കർ ഗ്രാമവികസന പദ്ധതിയിലൂടെ വികസന കുതിപ്പിലേക്ക്. ഒരു കോടി രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. 55 പട്ടികജാതി കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. നിർമ്മാണം പൂർത്തീകരിച്ച മുല്ലശ്ശേരി പഞ്ചായത്തിലെ മതുക്കര പട്ടികജാതി കോളനിയുടെ ഔപചാരിക ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പട്ടികജാതി - വർഗ പിന്നാക്ക സമുദായക്ഷേമ വകുപ്പു മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷനായി. മുരളി പെരുനെല്ലി എം.എൽ.എ. ശിലാഫലകം അനാച്ഛാദനം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ, ജനപ്രതിനിധികളായ നിഷ സുരേഷ്, ദിൽന, പട്ടികജാതി വികസന ഓഫീസർ ജെ.ആർ. അരുൺ ജ്യോതി എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികളായ ബിന്ദു സത്യൻ, ലീന ശ്രീകുമാർ, പ്രബീഷ്, മിനി മോഹൻദാസ്, അനിത ഗിരി ജയകുമാർ എന്നിവർ പങ്കെടുത്തു.
അംബേദ്കർ ഗ്രാമ വികസന പദ്ധതി
22 വീടുകളുടെ അറ്റകുറ്റപ്പണികൾ, 55 വീടുകളിലും ഗാർഹിക മാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കുന്നതിന് ജൈവ അജൈവ ബിന്നുകളുടെ വിതരണം, സബ് സെന്റർ കെട്ടിടം, വിജ്ഞാൻ വാടി കെട്ടിടം (കംപ്യൂട്ടർ, പ്രിന്റർ, സ്‌കാനർ, ടെലിവിഷൻ അടക്കം), 18,000 ലിറ്റർ വാട്ടർ ടാങ്ക്, കുടിവെള്ള വിതരണത്തിന് വീടുകളിലേക്ക് പൈപ്പുകൾ സ്ഥാപിക്കൽ, രണ്ടു പൊതുകിണറുകളുടെ അറ്റകുറ്റപ്പണികൾ, വലിയ വാഹനങ്ങൾ വന്ന് തിരിച്ചുപോകുന്നതിനുള്ള സ്ഥലം അരിക്
കെട്ടി ക്രമീകരിക്കൽ, വായനശാലയുടെ നവീകരണം, 10 സോളാർ മിനിമാസ്റ്റ് ലൈറ്റുകൾ, ഒരു ഹൈമാസ്റ്റ് ലൈറ്റ് എന്നിവയാണ് അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.