
തൃശൂർ: പ്രളയശേഷമുള്ള റീബിൽഡ് കേരളം എവിടെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഐശ്വര്യ കേരള യാത്രയ്ക്ക് തേക്കിൻകാട് മൈതാനത്ത് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ മെയ്ക് ഇൻ ഇന്ത്യയും ഇതേ അവസ്ഥയിലാണ്.
റീ ബിൽഡ് കേരളയുടെ ഫണ്ട് സി.പി.എം അടിച്ചുമാറ്റി. എറണാകുളത്ത് പാർട്ടി സഖാക്കൾ പിടിയിലായി. മോദിയെയും അമിത് ഷായെയും പറ്റി അഞ്ച് കൊല്ലമായി പിണറായി മിണ്ടിയിട്ടില്ല. പരസ്പരം കാണുമ്പോൾ പുകഴ്ത്തും. സി.പി.എം ഭരണത്തിൽ 35 രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തി. മാവോ വാദികളെ വെടിവെച്ച് കൊന്നു. സ്ത്രീ പീഡനം ഏറുന്നു. മോഷണം പെരുകുന്നു. തിരുട്ട് ഗ്രാമം ഇന്ന് കേരളത്തിലാണ്. പിണറായി ഈ വീടിന്റെ ഐശ്വര്യം എന്നാണ് കള്ളന്മാർ കരുതുന്നതെന്ന് ചെന്നിത്തല പരിഹസിച്ചു. യു.ഡി.എഫ് വിശ്വാസികൾക്കൊപ്പമാണ്. പതിനെട്ടാം പടി അശുദ്ധമാക്കിയ പിണറായി സർക്കാരിനെ പാഠം പഠിപ്പിക്കാൻ വിശ്വാസികൾ ഒപ്പം നിൽക്കും. പച്ചയായ വർഗ്ഗീയത പറഞ്ഞ് കേരളത്തിലെ മുസ്ലീംകളെയും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിക്കുവാനാണ് സി.പി.എം ശ്രമിക്കുന്നത്. പച്ചയായ വർഗ്ഗീയതയാണ് സി.പി.എം പറയുന്നത്. സൈബർ സഖാക്കളെ ഉപയോഗപ്പെടുത്തിയാണ് ഇത്തരം പ്രചാരണങ്ങൾക്ക് അവർ നേതൃത്വം നൽകുന്നത്. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നേതൃത്വത്തിലേയ്ക്ക് മുസ്ലീംലീഗാണ് ആളെ നിശ്ചയിക്കുന്നതെന്ന പിണറായി വിജയന്റെ പ്രസ്താവന കേരളത്തിൽ രൂപപ്പെട്ടുവരുന്ന സി.പി.എം ബി.ജെ.പി കൂട്ടുകെട്ടിന്റെ തുടക്കമാണ്. ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ലക്ഷ്യം കോൺഗ്രസിനെ പരാജയപ്പെടുത്തുകയാണ്. അതിലേയ്ക്കുള്ള മാർഗ്ഗവും ഒന്നാവുകയാണ്. ഇരുവർക്കുമിടയിലെ അന്തർധാര ശക്തമാണ്. പരസ്പരധാരണയിൽ കേരളത്തിൽ ഭരണത്തിൽ തുടരാമെന്ന വ്യാമോഹമാണ് സി.പി.എമ്മിനെക്കൊണ്ട് ഇത്തരത്തിൽ പറയിപ്പിക്കുന്നത്. അഫിഡവിറ്റിൽ മാറ്റം വരുത്തുമെന്ന എം.എ ബേബിയുടെ പ്രസ്താവനയെ കാര്യമായി കാണുന്നില്ല. അദ്ദേഹത്തിന് പാർട്ടിയിൽ ഒരു സ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിൽ ആവേശം നിറഞ്ഞ സ്വീകരണം
തൃശൂർ : ഐശ്വര്യ കേരളയാത്രയ്ക്ക് നഗരത്തിൽ ആവേശം നിറഞ്ഞ സ്വീകരണം. വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ജാഥകളായി സമ്മേളന നഗരിയായ തേക്കിൻക്കാട്ടിലെത്തി. ജാഥാ നായകനെ വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. യാത്രയെത്താൻ വൈകിയെങ്കിലും പ്രവർത്തകർ ക്ഷമയോടെ കാത്തിരുന്നു. മുൻ മേയർ ഐ.പി പോൾ അദ്ധ്യക്ഷത വഹിച്ചു. കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ സ്വാഗതം പറഞ്ഞു. എം.എം ഹസൻ, വി.ഡി സതീശൻ, എം.കെ മുനീർ, പി.സി ചാക്കോ, എം.പി വിൻസെന്റ്, എം.പിമാരായ ടി.എൻ പ്രതാപൻ, ബെന്നി ബഹനാൻ, രമ്യ ഹരിദാസ്, ജോസഫ് ചാലിശ്ശേരി മാസ്റ്റർ, കെ. കെ കൊച്ചുമുഹമ്മദ്, പത്മജാ വേണുഗോപാൽ, ഒ. അബ്ദു റഹ്മാൻകുട്ടി, ജി. ദേവരാജ്, എം.എൽ.എമാരായ അൻവർ സാദത്ത്, അനിൽ അക്കര, റോജി ജോൺ, എം.ബി മുത്തലിബ്, ഇവാൻ ഡിസൂസ, , സി.പി ജോൺ, ലതികാ സുഭാഷ്, തോമസ് ഉണ്ണിയാടൻ, സജി ജോസഫ്, ടി.വി ചന്ദ്രമോഹൻ, സി. ബി ഗീത, ജോസഫ് ടാജറ്റ് ,സുന്ദരൻകുന്നത്തുള്ളി, ജോസ് വള്ളൂർ, സുനിൽ അന്തിക്കാട്, ടി.ജെ സനീഷ് കുമാർ, ഷാജി കോടങ്കണ്ടത്ത്, രാജേന്ദ്രൻ അരങ്ങത്ത്, സി. സി ശ്രീകുമാർ, ജോൺ ഡാനിയേൽ, എ. പ്രസാദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.