
തൃശൂർ: കാർഷിക മേഖലയിലെ നൂതന ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും കാർഷികോല്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവർദ്ധനവ് എന്നിവ വ്യാപകമാക്കുന്നതിനുമായി കർഷകരെയും സംരംഭകരെയും ശാസ്ത്രജ്ഞരെയും പൊതുസമൂഹത്തെയും ഒത്തൊരുമിപ്പിക്കുന്ന വൈഗ കാർഷിക മേളയ്ക്ക് തൃശൂരിൽ തുടക്കമായി. ഇന്ന് രാവിലെ ടൗൺഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് കെ.രാജൻ, മേയർ എം.കെ വർഗീസ് തുടങ്ങിയവർ പങ്കെടുക്കും. കാർഷികോല്പന്ന സംസ്‌കരണം, മൂല്യവർദ്ധന, കയറ്റുമതി എന്നിവയെ അടിസ്ഥാനമാക്കി സെഷനുകളുണ്ടാകും. വൈഗ സാങ്കേതിക മാർഗരേഖയുടെ അവതരണം കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ആർ. ചന്ദ്രബാബു നിർവഹിക്കും. 14 ന് സമാപിക്കും.
വേദികൾ ഉണർന്നു
റീജ്യണൽ തിയേറ്റർ, ടൗൺഹാൾ, സാഹിത്യ അക്കാഡമി ഹാൾ, സെന്റ് തോമസ് കോളേജ് വൈ.എം.സി.എ ഹാൾ, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഹാൾ എന്നിങ്ങനെ അഞ്ച് വേദികളാണുള്ളത്. അഞ്ച് ദിവസം കർഷകർക്കും, കാർഷിക സംരംഭകർക്കുമായി സാങ്കേതിക സെഷനുകളുണ്ടാകും. കൂടാതെ ഇൻഡോർ സ്‌റ്റേഡിയത്തിൽ 35 സ്റ്റാളുകളും ഉണ്ടായിരിക്കും.
പ്രദർശന സ്റ്റാളുകൾ
കാർഷികമേഖലയിലെ നൂതന ആശയങ്ങൾ പരിചയപ്പെടുത്തുന്ന പ്രദർശനസ്റ്റാളും ഉണ്ടാകും. കാർഷിക സംരംഭകർക്കായി വെർച്വൽ പ്ലാറ്റ്‌ഫോമിൽ ബി.ടു.ബി മീറ്റ്, വൈഗ അഗ്രിഹാക്കുമുണ്ടാകും. കാർഷിക പ്രശ്‌നപരിഹാരം കണ്ടെത്തുന്നതിന് വിദ്യാർത്ഥികൾ, യുവജനങ്ങൾ, പൊതുജനങ്ങൾ, കാർഷിക മേഖലയിലെ വിദഗ്ദ്ധർ എന്നിവർ പങ്കുചേരുന്നതാണ് അഗ്രി ഹാക്കത്തോൺ. ഇൻഡോർ സ്റ്റേഡിയത്തിൽ 35 സ്റ്റാളുകളിലായി പ്രദർശനം ഒരുക്കിയിട്ടുണ്ട്. കിഴങ്ങുവർഗ്ഗവിളകൾ, തേൻ, കാപ്പി എന്നിവയുടെ സംസ്‌കരണവും മൂല്യവർദ്ധനയും സംരംഭകത്വ പ്രോത്സാഹന മേഖലയും പദ്ധതികളും, സംഭരണം, പാക്കിംഗ്, ബ്രാൻഡിംഗ്, ലൈസൻസ് ലഭ്യതയ്ക്ക് സുഗമമായ സേവനങ്ങൾ, കാർഷികോൽപ്പന്നങ്ങളുടെ ഭൗമസൂചിക നിർണയം, സുഗന്ധവിളകളുടെ സംസ്‌കരണവും മൂല്യവർദ്ധനയും, പൂക്കൃഷിയുടെ കയറ്റുമതി സാദ്ധ്യതകൾ തുടങ്ങിയ വിഷയങ്ങളിലാണ് ശില്പശാലകളും സെമിനാറുകളും നടത്തുന്നത്.