
തൃശൂർ: മണ്ണുത്തി കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാല ക്യാംപസിൽ 110 കെ.വി സബ്‌സ്റ്റേഷൻ ആദ്യ ഘട്ട നിർമ്മാണം പൂർത്തിയാകുന്നു. മാർച്ച് 31 നുള്ളിൽ പദ്ധതി പൂർത്തിയാക്കുന്നത്തോടെ കാർഷിക സർവകലാശാല, പുത്തൂർ മൃഗശാല, മൊബിലിറ്റി ഹബ്, മറ്റ് സംരംഭങ്ങൾക്കും ആവശ്യമായ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കഴിയും. കൂടാതെ മണ്ണുത്തി സെക്ഷൻ പ്രവർത്തിക്കുന്നത് വളരെ അകലെയുള്ള മാടക്കത്തറയിൽ ആണ്. സബ് സ്റ്റേഷനോട് ചേർന്ന് സെക്ഷൻ സ്ഥാപിക്കും. വൈദ്യുതി ബിൽ അടക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തികൾക്ക് ജനങ്ങൾക്ക് ഈ ഓഫീസിനെ ആശ്രയിക്കാം. മാടക്കത്തറ 400 കെ.വി, ഒല്ലൂർ 110 കെ.വി, പുത്തൂർ 33 കെ.വി സബ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മണ്ണുത്തി യൂണിവേഴ്‌സിറ്റി, നടത്തറ, ചെമ്പൂത്തറ, കുട്ടനെല്ലൂർ, എൻ.എച്ച്, അഞ്ചേരി വലക്കാവ് ഫീഡറുകളിലൂടെയാണ് മണ്ണുത്തിയുടെയും പരിസരപ്രദേശങ്ങളിലെയും വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റി വരുന്നത്. ഈ ഫീഡറുകൾ എല്ലാം തന്നെ പൂർണമായ തോതിൽ ലോഡ് ചെയ്തിരുന്നു. അധിക ലോഡിൽ പുതിയ ഫീഡറുകൾ കൊണ്ടുവരുന്നത് പ്രായോഗികമായി അസാദ്ധ്യമായ സാഹചര്യത്തിലാണ് വെറ്ററിനറി യൂണിവേഴ്‌സിറ്റി നിലവിലുള്ള ലോഡിന് പുറമേ രണ്ട് എം.വി.എ കൂടി അധികമായി ആവശ്യപ്പെട്ടത്. ഈ ആവശ്യം അനുസരിച്ചാണ് പുതിയ സബ് സ്റ്റേഷൻ സ്ഥാപിക്കാൻ കെ.എസ്.ഇ.ബി തീരുമാനിച്ചത്. നിർമ്മാണ സ്ഥലം ചീഫ് വിപ്പ് അഡ്വ.കെ.രാജൻ സന്ദർശിച്ചു. പ്രസരണ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എം.പി ശ്യാമപ്രസാദ്, എക്‌സിക്യൂട്ടീവ് എൻജിനീയർ സന്ധ്യ തുടങ്ങിയവർ ചീഫ് വിപ്പിനെ അനുഗമിച്ചു. ആദ്യഘട്ടത്തിൽ ഒരു 12.5 എം.വി.എ ശേഷിയുള്ള ട്രാൻസ്‌ഫോർമർ സ്ഥാപിച്ച് ആറു 11 കെ.വി ഫീഡറുകൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. വർദ്ധിച്ചുവരുന്ന ആവശ്യകതയുടെ അടിസ്ഥാനത്തിൽ രണ്ടാമതായി ഒരു 12.5 എം.വി.എ ട്രാൻസ്‌ഫോമർ സ്ഥാപിക്കാനും ആവശ്യമെങ്കിൽ അവ 20എം.വി.എ ആയി ഉയർത്തി 15 ഓളം ഫീഡറുകൾ ആയി ഉയർത്താനും കഴിയുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
നിർമ്മാണ ചിലവ് 11.6കോടി രൂപ
കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ തനത് ഫണ്ടിൽ നിന്നും 11.6 കോടി രൂപ ചെലവഴിച്ചാണ് വെറ്ററിനറി സർവകലാശാലയിലെ ഒരു ഏക്കർ സ്ഥലത്ത് സബ് സ്റ്റേഷൻ നിർമ്മിക്കുന്നത്.