
ചേലക്കര: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ പരിപാടിക്കിടെ, ചേലക്കര മണ്ഡലത്തിൽ നടൻ ധർമ്മജൻ ബോൾഗാട്ടിയെ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകളുമായി കോൺഗ്രസ് പ്രവർത്തകർ. കോഴിക്കോട് ബാലുശ്ശേരിയിൽ ധർമ്മജൻ മത്സരിക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ധർമ്മജനെ രംഗത്ത് ഇറക്കണമെന്ന് ചേലക്കരയിലെ പ്രവർത്തകർ ആവശ്യമുയർത്തിയത്.
ചേലക്കരയിൽ പരിപാടികൾ പൂർത്തിയാക്കി ചെന്നിത്തല വേദിയിൽ നിന്ന് ഇറങ്ങിയപ്പോഴാണ് പ്രവർത്തകർ പോസ്റ്ററുമായെത്തിയത്. അതേ സമയം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ സി.സി ശ്രീകുമാറിന്റെ പേരാണ് ഡി.സി.സി നിർദ്ദേശിച്ചിരിക്കുന്നതെന്നാണ് വിവരം.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ദാസനും ചേലക്കരയിൽ നോട്ടമിട്ടിട്ടുണ്ട്. നേരത്തെ ഇവിടെ ജില്ലാ കൗൺസിലിലേക്ക് കെ.വി ദാസൻ മത്സരിച്ച് വിജയിച്ചിരുന്നു. എന്നാൽ ചേലക്കര മണ്ഡലം മുസ്‌ളിം ലീഗിന് വിട്ടുകൊടുക്കുമെന്ന അഭ്യൂഹമുണ്ട്. പക്ഷേ, ലീഗിന് കരുത്തുകാട്ടാൻ കഴിവുള്ള മണ്ഡലമല്ല ഇതെന്നാണ് പ്രാദേശിക യു.ഡി.എഫ് നേതാക്കൾ പറയുന്നത്. ഐ ഗ്രൂപ്പിന്റെ പ്രതിനിധിയാണ് ഇവിടെ മത്സരിക്കാറുള്ളത്. ലോക്‌സഭയിലും തദ്ദേശ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് ചേലക്കര മണ്ഡലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാറുണ്ട്. എന്നാൽ 1996 ൽ നിയമസഭയിലേക്ക് കെ. രാധാകൃഷ്ണൻ ജയിച്ച ശേഷം പിന്നെ മണ്ഡലം എൽ.ഡി.എഫിനെ കൈവിട്ടിട്ടില്ല. ഇപ്പോൾ യു.ആർ പ്രദീപാണ് പ്രതിനിധീകരിക്കുന്നത്.
വടക്കാഞ്ചേരിയിൽ അനിൽ അക്കര
വടക്കാഞ്ചേരി: നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി അനിൽ അക്കര തന്നെ മത്സരിച്ചേക്കും. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യം സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ തവണത്തേക്കാൾ വൻ ഭൂരിപക്ഷത്തിൽ അനിൽ അക്കരയെ വിജയിപ്പിക്കണമെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.
എൽ.ഡി.എഫ് സർക്കാരിൻ്റെ അഴിമതികൾക്കെതിരെ നിയമസഭയിൽ ശക്തമായ നിലപാട് സ്വീകരിച്ചയാളാണ് അനിൽ അക്കരയെന്നും, വരുന്ന നിയമസഭയിലും അദ്ദേഹം നിയമസഭയിൽ ഉണ്ടാകണമെന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. എന്നാൽ ഇക്കുറി വടക്കാഞ്ചേരി തിരിച്ചുപിടിക്കുമെന്ന് മന്ത്രി എ.സി മൊയ്തീൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
43 വോട്ടിൻ്റെ ചെറിയ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞതവണ അനിൽ അക്കര വിജയിച്ചത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് എൽ.ഡി.എഫിന് അനുകൂലമാണ്. ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കി വടക്കാഞ്ചേരി തിരിച്ചുപിടിക്കുകയെന്നത് എൽ.ഡി.എഫിൻ്റെ അഭിമാനപ്രശ്നം കൂടിയാണ്.