
തൃശൂർ: പതിറ്റാണ്ടുകളായി രാസ - ജൈവമാലിന്യങ്ങളാൽ നിറഞ്ഞ കേരളത്തിലെ 21 പുഴകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ, ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദ്ദേശങ്ങൾക്ക് വിധേയമായി തുടങ്ങുന്നു. സംസ്ഥാന ജലവിഭവ വകുപ്പ് വിശദമായ പഠന റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി നദികളുടെ കണക്കെടുത്തു. പുഴയോരങ്ങൾ സന്ദർശിച്ച് മലിനമായി കിടക്കുന്ന പ്രദേശം തിരിച്ചറിയാൻ സർവ്വേ നടത്തി. ജില്ലയിൽ പുഴയ്ക്കൽ, കരുവന്നൂർ, കേച്ചേരി എന്നീ പുഴകളും അവയോടനുബന്ധിച്ച തോടുകളുമാണ് വൃത്തിയാക്കുന്നതിനായി നിർദ്ദേശിച്ചിട്ടുള്ളത്.
ജലവിഭവ വകുപ്പും വിവിധ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികളും സംയുക്തമായാണ് പുനരുദ്ധാരണ പദ്ധതികൾക്കായുളള ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കുന്നത്. കരുവന്നൂർ പുഴ തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളേജിലെയും ആറ്റിങ്ങൽ രാജധാനി എൻജിനീയറിംഗ് കോളേജിലെയും വിദ്യാർത്ഥികൾ പരിശോധിക്കും.
പുഴയ്ക്കലിൽ അങ്കമാലി ഫിസാറ്റ് എൻജിനീയറിംഗ് കോളേജ് ബി.ടെക് അവസാനവർഷ വിദ്യാർത്ഥികളും അദ്ധ്യാപകരും പരിശോധന ആരംഭിച്ചു. പീച്ചി കേരള എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും എറണാകുളം എസ്.സി.എം.എസ് കോളേജിലെ ബി. ടെക് വിദ്യാർത്ഥികളുമാണ് കേച്ചേരിപ്പുഴ പരിശോധിക്കുന്നത്. പുഴകളുടെ പഠന റിപ്പോർട്ട് തയ്യാറായാൽ ജലവിഭവ വകുപ്പാണ് തുടർനടപടി കെെക്കൊള്ളേണ്ടത്.
ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവുപ്രകാരം ഭാരതപ്പുഴയിലെ മലിനീകരണം സംബന്ധിച്ച വിശദപഠനം നടത്താൻ അഞ്ചംഗ സമിതിയെ മുമ്പ് നിയോഗിച്ചിരുന്നു. മലിനീകരണം തടയുകയും പുഴയുടെ പുനരുജ്ജീവനത്തിന് നടപടി ശുപാർശ ചെയ്യുക എന്നതുമായിരുന്നു സമിതിയുടെ ചുമതല. ശുപാർശയിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡാണ് തുടർനടപടി കൈക്കൊള്ളേണ്ടത്. എന്നാൽ പുഴയിലെ മാലിന്യപ്രശ്നം പരിഹരിക്കപ്പെട്ടില്ല.
മാലിന്യമൊഴിയാതെ ഭാരതപ്പുഴ
പാലക്കാട് ജില്ലയിലൂടെ ഒഴുകുന്ന ഭാരതപ്പുഴയുടെ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരമുണ്ടാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മുമ്പ് പ്രഖ്യാപിച്ചിരുന്നു. പുഴയുടെ ഇരുകരകളിലുമുളള ഗ്രാമ, നഗരപ്രദേശങ്ങളിൽ നിന്നും മാലിന്യങ്ങൾ അശാസ്ത്രീയമായി പുറന്തള്ളുന്നതു നിയന്ത്രിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം ആശങ്ക പങ്കുവെച്ചിരുന്നു. അതേസമയം, പുഴയുടെ സ്വാഭാവികത തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടത്താതെ പുഴസംരക്ഷണ പ്രവർത്തനങ്ങളുടേയും വിനോദസഞ്ചാരത്തിൻ്റേയും പേരിൽ സാമ്പത്തികലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് ഭാരതപ്പുഴ അടക്കമുള്ള പുഴകളിൽ നടക്കുന്നതെന്നാണ് പരിസ്ഥിതിവാദികളുടെ ആരോപണം.
പ്രതീക്ഷ നൽകി ട്രൈബ്യൂണൽ
വികസന പദ്ധതികൾക്കായി വൻതോതിൽ സ്ഥലമേറ്റടുക്കുമ്പോൾ പരിസ്ഥിതി മാനദണ്ഡം പാലിക്കപ്പെടാത്ത അവസ്ഥ ഇല്ലാതാക്കുന്നതിനും പരിസ്ഥിതി സംബന്ധമായ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുമുള്ള ഇന്ത്യയിലെ പ്രത്യേക കോടതിയാണ് ദേശീയ ഹരിത ട്രൈബ്യൂണൽ. ഡൽഹിയാണ് ആസ്ഥാനം.
പുഴകളുടെ പഠനറിപ്പോർട്ട് ഒരു മാസത്തിനകം ലഭിക്കും. അതിനുശേഷം, എത്രത്തോളം മാലിന്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞ് എങ്ങനെ അവ ഇല്ലാതാക്കി പുഴകളുടെ പുനരുദ്ധാരണ പ്രവർത്തനം നടത്താമെന്ന് വ്യക്തമായ രൂപരേഖ വകുപ്പ് തലത്തിൽ തയ്യാറാക്കും.
ഐ.കെ മോഹൻ
പരിശോധനകൾക്ക് നേതൃത്വം നൽകുന്ന തൃശൂർ അഡീഷണൽ
ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ.