
തൃശൂർ: സീറ്റുറപ്പിക്കാനും സ്ഥാനാർത്ഥി പട്ടികയിൽ കടന്നുകൂടാനും പ്രതിപക്ഷ നേതാവിന്റെയും മറ്റു യു.ഡി.എഫ് നേതാക്കളുടെയും ചുറ്റും ജില്ലാ നേതാക്കളുടെ നീണ്ട നിര. ഇത് ലക്ഷ്യം വച്ച് ഗ്രൂപ്പുകൾക്കതീതമായി ഭൂരിഭാഗം നേതാക്കളും ഐശ്വര്യകേരളയാത്രയിലും രാമനിലയത്തിലുമെത്തിയിരുന്നു.
പരിഗണനാ പട്ടികയിൽ ഉൾപ്പെടുന്ന നാലു പേർ വീതമുള്ള ലിസ്റ്റ് ഡി.സി.സി നേതൃത്വം കൈമാറിയെന്നാണ് വിവരം. ബാഹ്യമായി മണ്ഡലങ്ങളിലെ സാദ്ധ്യതകൾ പരിശോധിക്കാൻ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ഈ സമിതിയുടെ കൂടെ അഭിപ്രായത്തിനും മുൻതൂക്കമുണ്ടാകുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവിന്റെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി ചൂടേറിയ ചർച്ചകളാണ് നടന്നത്. തൃശൂരിൽ പത്മജ വേണുഗോപാലിന്റെ പേരിനാണ് മുൻതൂക്കം. അതേസമയം പത്മജയെ കൊടുങ്ങല്ലൂരിൽ മത്സരിപ്പിച്ചാൽ ഗുണം ചെയ്യുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
മാള ഉൾപ്പെടുന്ന കൊടുങ്ങല്ലൂരിൽ ലീഡറുടെ മകളെന്ന നിലയിൽ ഗുണം ലഭിക്കുമെന്നാണ് അഭിപ്രായം. തൃശൂരിൽ തന്നെ മത്സരിക്കാനാണ് പത്മജയ്ക്ക് താത്പര്യം. ഇവിടെ ടി.വി ചന്ദ്രമോഹന്റെ പേരും ഉയരുന്നുണ്ട്. എം.പി വിൻസന്റും തൃശൂരിനായി കണ്ണ് വെച്ചിട്ടുണ്ട്. തൃശൂരിൽ സി.പി.ഐയിലെ നിബന്ധന പ്രകാരം വി.എസ് സുനിൽകുമാർ മാറുമെന്നാണ് കരുതുന്നത്.
സീറ്റ് നിലനിറുത്താൻ കെ.പി രാജേന്ദ്രനെയോ, സി.എൻ ജയദേവനെയോ മത്സരിപ്പിക്കാനുള്ള സാദ്ധ്യതയുമുണ്ട്. മന്ത്രി സി. രവീന്ദ്രനാഥ് മത്സരരംഗത്ത് നിന്ന് മാറിയാൽ പുതുക്കാട് സീറ്റ് പിടിച്ചെടുക്കാമെന്ന കണക്കു കൂട്ടലുമുണ്ട് യു.ഡി.എഫിൽ. നാട്ടികയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ദാസനും കെ.പി.സി.സി സെക്രട്ടറി എൻ.കെ സുധീറുമാണ് സീറ്റിനായി രംഗത്തുള്ളവർ. മൂന്ന് തവണ എം.എൽ.എയായ ഗീതാ ഗോപിയെ ഇത്തവണ മാറ്റിയേക്കും. അങ്ങനെ വന്നാൽ നാട്ടികയിൽ ഒരു പുതുമുഖത്തെ സി.പി.ഐക്ക് രംഗത്തിറക്കേണ്ടി വരും . അത് മുതലെടുക്കാമെന്നാണ് യു.ഡി.എഫിന്റെ കണക്ക്കൂട്ടൽ.
വടക്കാഞ്ചേരിയിൽ അവകാശവാദമില്ല
വടക്കാഞ്ചേരിക്കായി ഇതുവരെ മറ്റാരും അവകാശവാദം ഉന്നയിച്ചിട്ടില്ല. കഴിഞ്ഞ തവണ യു.ഡി.എഫിന് ലഭിച്ച ഏക സീറ്റാണ് വടക്കാഞ്ചേരി. സിറ്റിംഗ് എം.എൽ.എ എന്ന നിലയിൽ അനിൽ തന്നെയായിരിക്കും സ്ഥാനാർത്ഥി. ചേലക്കരയിൽ നടൻ ധർമ്മജനായി ഒരു വിഭാഗം രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണ കെ.ബി ശശികുമാറാണ് മത്സരിച്ചത്. ഗുരുവായൂർ സീറ്റിൽ ഇതുവരെയും ലീഗാണ് മത്സരിച്ചിരുന്നത്. അത് വച്ചു മാറാമെന്ന തരത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. ചാലക്കുടിയിൽ പി.സി ചാക്കോ, ടി.യു രാധാകൃഷ്ണൻ, ജോസ് വള്ളൂർ എന്നിവർ ലിസ്റ്റിലുണ്ട്. മണ്ഡലം രൂപീകരിച്ച് മൂന്നാം തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കയ്പ്പമംഗലത്ത് കഴിഞ്ഞ തവണ ആർ.എസ്.പിയാണ് മത്സരിച്ചത്. ഇത്തവണയും ഘടകകക്ഷിക്ക് തന്നെയായിരിക്കും സീറ്റ്. ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിലെ തോമസ് ഉണ്ണിയാടൻ തന്നെയാകും. കൊടുങ്ങല്ലൂരിൽ കഴിഞ്ഞ തവണ മത്സരിച്ച കെ.പി ധനപാലൻ മത്സരിച്ചേക്കില്ല. എം.എസ് അനിൽ കുമാർ, സോണിയാഗിരി എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.
സാദ്ധ്യതകൾ ഇങ്ങനെ
മണലൂർ
ഒ. അബ്ദുറഹിമാൻകുട്ടി
പി.എ മാധവൻ
ജോസ് വള്ളൂർ
പി.കെ രാജൻ
ഒല്ലൂർ
ഷാജി കോടങ്കണ്ടത്ത്
എം.പി വിൻസെന്റ്
ടി.ജെ സനീഷ് കുമാർ
ജോസ് വള്ളൂർ
ജോസഫ് ടാജറ്റ്
പുതുക്കാട്
സുന്ദരൻ കുന്നത്തുള്ളി
ജോസഫ് ടാജറ്റ്