കൊടുങ്ങല്ലൂർ: ജീവിതശൈലീ രോഗങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ നിന്ന് മരുന്ന് ലഭിക്കാതെ രോഗികൾ വലയുന്നു. ആശുപത്രികളിൽ സർക്കാർ മരുന്നുകൾ ലഭ്യത ഉറപ്പാക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള ഫാമിലി ഹെൽത്ത് സെന്ററുകളിൽ ജീവിത ശൈലി രോഗങ്ങൾക്ക് ഇപ്പോൾ മരുന്ന് ലഭിക്കാത്ത സ്ഥിതിയാണ്.
തിരുവഞ്ചിക്കുളം 21-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആനാപ്പുഴ ഫാമിലി ഹെൽത്ത് സെന്ററിൽ ഡോക്ടറുടെ കുറിപ്പടിയുമായി കൗണ്ടറിലെത്തുമ്പോഴാണ് മരുന്നില്ലെന്ന വിവരം അറിയുന്നത്. ഇതോടെ കുറഞ്ഞ വിലയിൽ ലഭിക്കുന്ന മരുന്നുകൾ വലിയ വില നൽകി പുറത്ത് നിന്നും വാങ്ങേണ്ട അവസ്ഥയാണ്.
കഴിഞ്ഞ ജൂലായിൽ കൊവിഡ് വ്യാപനത്തിനിടയിലാണ് മരുന്ന് ക്ഷാമം രൂക്ഷമായത്. നേരത്തെ മരുന്ന് ഉണ്ടായിരുന്ന സമയത്ത് രോഗിക്ക് ഒരു മാസം കഴിക്കേണ്ട ഗുളികകളാണ് കൊടുത്തിരുന്നത്. എന്നാൽ ജീവിത ശൈലീ രോഗങ്ങളുടെ മരുന്നുകൾ മാസങ്ങളായി കൃത്യമായി വരുന്നില്ലെന്നാണ് ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരും പറയുന്നത്.
മരുന്നുകൾ ലഭിക്കാതായതോടെ നിർദ്ധനർ ഉൾപ്പെടെ വലിയ വില കൊടുത്ത് പുറമെ നിന്ന് വാങ്ങേണ്ട ഗതികേടിലാണ് രോഗികൾ. ദിവസവും മരുന്ന് കഴിക്കുന്ന പ്രായമായവരെയാണ് ഇതേറെ ബാധിക്കുന്നത്. പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ എന്നീ അസുഖങ്ങൾക്ക് മരുന്നുണ്ടോ എന്നറിയാൻ ഹെൽത്ത് സെന്ററിൽ എത്തേണ്ട സാഹചര്യമാണ്. മുടങ്ങാതെ കഴിക്കേണ്ട ഗുളികയെങ്കിലും ലഭ്യമാക്കാൻ സൗകര്യം ഒരുക്കണമെന്നാണ് രോഗികൾ ആവശ്യപ്പെടുന്നത്.