ramesh

മാള: ഒരു വർഷം മുമ്പ് വരെ രമേശന്റെ വീട്ടുമുറ്റത്തെ വർക് ഷോപ്പ് നിറയെ ബസുകളായിരുന്നു. എന്നാൽ ഇന്ന് ആ സ്ഥാനത്ത് ഇറച്ചിക്കോഴികളാണ്.... കൊവിഡ് മഹാമാരിയെ തുടർന്ന് ബസുകൾക്കൊപ്പം രമേശന്റെ വർക്ക് ഷോപ്പും കട്ടപ്പുറത്തായി. ബസുകൾ നിരത്തിൽ നിന്ന് ഒഴിഞ്ഞതോടെ ഈ 48 കാരനായ വർക്ക് ഷോപ്പ് ജീവനക്കാരന്റെ കഷ്ടകാലം തുടങ്ങി.

വീട്ടുമുറ്റത്തെ സ്വന്തമായുള്ള വർക്ക് ഷോപ്പിൽ അഞ്ച് പണിക്കാരുണ്ടായിരുന്നു. മാളയ്ക്കടുത്തുള്ള മൂന്നുമുറി സ്വദേശി പൊയ്യക്കാരൻ രമേശ് മൂന്ന് പതിറ്റാണ്ടായി വർക്ക് ഷോപ്പ് പണിക്കാരനാണ്. ഡ്രൈവറാകാമെന്ന മോഹവുമായാണ് ഒമ്പതാം ക്ലാസ് പഠന ശേഷം ചാലക്കുടിയിൽ വർക്ക് ഷോപ്പിൽ പണി പഠിക്കാൻ പോയത്. ആദ്യം ബസിലെ കിളി, പിന്നെ അതിൽ നിന്ന് ഡ്രൈവർ പണി പഠിക്കാമെന്ന വിശ്വാസത്തിൽ വർക്ക് ഷോപ്പിലെത്തി.

ഒരു വർഷം കഴിഞ്ഞപ്പോൾ ഡ്രൈവർ മോഹം ഉപേക്ഷിച്ച് ഹെവി വാഹനങ്ങളുടെ മെക്കാനിക്കായി. 1995 ൽ മാളയിൽ വാടകയ്‌ക്കെടുത്ത ഷെഡിൽ സ്വന്തമായി ബസ് വർക്ക് ഷോപ്പ് തുടങ്ങി. പത്ത് വർഷം തുടർന്നെങ്കിലും ഷെഡ് ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. ഇതോടെ പണി വീട്ടിലേക്ക് മാറ്റി. വർക്ക് ഷോപ്പ് നടത്തിപ്പിൽ മറ്റു അഞ്ച് പേർക്ക് സ്ഥിരമായി ജോലി കൊടുക്കാനുമായി. ഏഴ് മാസം മുമ്പാണ് വർക്ക് ഷോപ്പ് കോഴികളെ വളർത്താൻ പ്രയോജനപ്പെടുത്തിയത്. 600 കോഴികളെ വളർത്തി 45 ദിവസമാകുമ്പോൾ വിൽക്കും. ഒന്നോ രണ്ടോ തവണ 25,000 രൂപയോളം ലാഭം ലഭിച്ചു. ഒപ്പം മീൻ വളർത്തൽ തുടങ്ങിയെങ്കിലും ക്ലച്ച് പിടിച്ചില്ല. കോഴിയുടെ വില വർദ്ധിക്കുമ്പോൾ തമിഴ്‌നാട്ടിൽ നിന്ന് വരുന്ന കുഞ്ഞുങ്ങളുടെയും വില ക്രമാതീതമായി കുതിക്കുമെന്ന് രമേശൻ പറയുന്നു. കുഞ്ഞിന് 23 മുതൽ 56 രൂപ വരെ വില ഉയർന്നിരുന്നു. വില കൂടിയതോടെ പണിക്കൂലി പോലും ലഭിച്ചില്ല. കർഷകർക്ക് ആവശ്യമായ കോഴിക്കുഞ്ഞുങ്ങളെ സംസ്ഥാനത്ത് നിന്ന് ലഭ്യമാക്കിയാൽ നിരക്ക് കുറയ്ക്കാനാകുമെന്നാണ് ഈ കർഷകന്റെ അഭിപ്രായം.

ബസുകളും ലോറികളും പഴയ പോലെ നിരത്തിലിറങ്ങിയാൽ വീണ്ടും വർക്ക് ഷോപ്പിലേക്ക് മാറും. മാറാനുള്ള എളുപ്പം കോഴി വളർത്തലിലുണ്ട്. വർക്ക് ഷോപ്പിന്റെ ഉൾഭാഗം മാറാല പിടിച്ചു കിടക്കുകയാണ്. ജീവിതമാർഗമെന്ന നിലയിലാണ് ഇറച്ചിക്കോഴികളെ വളർത്തുന്നത്.

രമേശൻ