
തൃശൂർ : കാർഷിക മേഖലയ്ക്ക് ഊർജ്ജം പകർന്ന് സാംസ്‌കാരിക തലസ്ഥാനത്ത് വീണ്ടും വൈഗ. വി.എസ് സുനിൽ കുമാർ കൃഷിമന്ത്രിയായി ചുമതലയേറ്റ ശേഷം ആരംഭിച്ച വൈഗയുടെ അഞ്ചാം പതിപ്പാണിത്. മുൻ വർഷങ്ങളിൽ തേക്കിൻകാട് മൈതാനത്ത് പതിനായിരക്കണക്കിന് കർഷകർക്ക് പുത്തനുണർവ് സമ്മാനിച്ചാണ് വൈഗ സമാപിച്ചിരുന്നത്. കൊവിഡ് പ്രോട്ടോകാൾ നിലനിൽക്കുന്നതിനാൽ ഇത്തവണ ഹാളുകളിലേക്ക് പ്രദർശനം ചുരുക്കിയെങ്കിലും കാർഷിക മേഖലയിൽ പുത്തനറിവുകൾ തേടി നിരവധി പേരാണെത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാർഷിക സംരംഭകരുടെ സ്റ്റാളുകളും കുടുംബശ്രീ വിപണൻ മേളയും വൈഗയുടെ ആകർഷണമാണ്.
വൈഗ കലണ്ടർ പുറത്തിറക്കി
2021 ലെ വൈഗ കലണ്ടർ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നൽകി കൃഷിമന്ത്രി പ്രകാശനം ചെയ്തു. ഐക്യരാഷ്ട്രസഭ 2021 വർഷത്തെ പഴം-പച്ചക്കറി വർഷമായി പ്രഖ്യാപിച്ചത് ആസ്പദമാക്കി ഇടുക്കി ജില്ലയിലെ മണക്കാട് കൃഷി ഓഫീസർ ആനന്ദ് വിഷ്ണു പ്രകാശ് പ്രത്യേകം തയ്യാറാക്കിയതാണ് 2021 വൈഗ കലണ്ടർ.
പ്രാദേശികമായി ലഭിക്കുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും അതത് മാസങ്ങളുടെ ലഭ്യത അടിസ്ഥാനപ്പെടുത്തിയാണ് കലണ്ടർ നിർമ്മിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ കേരള കർഷകൻ മാസികയിലെ കൃഷിമന്ത്രിയുടെ ലേഖനങ്ങൾ ചേർത്ത് പുറത്തിറക്കിയ 'സസ്‌നേഹം കൃഷിമന്ത്രി' എന്ന പുസ്തകത്തിന്റെ പ്രകാശനവും വിദ്യാഭ്യാസ വകുപ്പ് മന്ത്രി മേയർ എം .കെ വർഗീസിന് നൽകി നിർവഹിച്ചു.
വൈഗ അഞ്ചു വേദികളിലായി
റീജ്യണൽ തിയേറ്റർ, ടൗൺഹാൾ, സാഹിത്യ അക്കാഡമി ഹാൾ, സെന്റ് തോമസ് കോളേജ്, വൈ.എം.സി.എ ഹാൾ, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഹാൾ എന്നിങ്ങനെ അഞ്ച് വേദികളാണുള്ളത്. അഞ്ച് ദിവസം കർഷകർക്കും, കാർഷിക സംരംഭകർക്കുമായി സാങ്കേതിക സെഷനുകളുണ്ടാകും. കൂടാതെ ഇൻഡോർ സ്‌റ്റേഡിയത്തിൽ 35 സ്റ്റാളുകളും ഉണ്ടാകും.
വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി അഞ്ച് ദിവസം കർഷകർക്കും കാർഷിക സംരംഭങ്ങൾക്കും ആയി സാങ്കേതിക സെഷനുകളും കാർഷിക മേഖലയിലെ നൂതന ആശയം പരിചയപ്പെടുത്തുന്ന പ്രദർശന സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്.
കാർഷിക സംരംഭകർക്കായി വെർച്വൽ പ്ലാറ്റ്‌ഫോമിൽ ബി 2 ബി മീറ്റ്, കാർഷിക മേഖലയിലെ വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് വിദ്യാർത്ഥികൾ, യുവജനങ്ങൾ, പൊതുജനങ്ങൾ, കാർഷിക മേഖലയിലെ വിദഗ്ദ്ധർ എന്നിവർ പങ്കുചേരുന്ന അഗ്രി ഹാക്കത്തോണും വൈഗയിലെ പ്രധാന ആകർഷണമാണ്.