 
വാടാനപ്പിള്ളി: ചേറ്റുവയിൽ രാമു കാര്യാട്ട് സ്മാരകത്തിനായി റവന്യൂ വകുപ്പ് സാംസ്‌കാരിക വകുപ്പിന് കൈമാറിയ സ്ഥലം കാട് കയറിയ നിലയിൽ. മലയാള സിനിമയെ ദേശീയ അന്തർദ്ദേശീയ തലങ്ങളിൽ ശ്രദ്ധേയമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയായ രാമു കാര്യാട്ടിന് ജന്മനാട്ടിൽ സ്മാരകമൊരുക്കുമെന്നത് ഇന്നും വാഗ്ദാനം മാത്രം.
ഈ കലാകാരൻ ഓർമ്മയായിട്ട് 42 വർഷം കഴിഞ്ഞിട്ടും സ്മാരകമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
ടി.എൻ പ്രതാപൻ നാട്ടിക എം.എൽ.എയായിരുന്ന സമയത്താണ് സ്മാരകത്തിന്റെ ആദ്യ ഘട്ട പ്രവർത്തനം തുടങ്ങിയത്. ഇതിനായി ചേറ്റുവയിൽ കാര്യാട്ടിന്റെ തറവാടിനടുത്തായി വഴിയോര വിശ്രമ കേന്ദ്രത്തിന് സമീപം 20 സെന്റ് സർക്കാർ ഭൂമി സാംസ്‌കാരിക വകുപ്പിന് കൈമാറിയിരുന്നു.
പിന്നീട് വർഷങ്ങളോളം സ്ഥലം കാടുകയറി കിടന്നു. അതിനിടെ കെ.വി അബ്ദുൾ ഖാദർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ട് കോടി സ്മാരക നിർമ്മാണത്തിന് അനുവദിച്ചു. എന്നാൽ നിർമ്മാണത്തിന് അനുവദിച്ച സ്ഥലം ചേറ്റുവ പുഴക്കരികിലാണെന്ന കാരണത്താൽ നിർമ്മാണം അനിശ്ചിതത്വത്തിലായി. പ്രശ്‌ന പരിഹാരത്തിനായി കഴിഞ്ഞ എങ്ങണ്ടിയൂർ പഞ്ചായത്ത് ഭരണ സമിതി നിർദ്ദിഷ്ട സ്ഥലത്തിനടുത്തുള്ള മറ്റൊരു സ്ഥലം വിട്ടുനൽകാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. പക്ഷേ വിഷയം പരിഹരിക്കാത്തതിനാൽ സ്മാരക നിർമ്മാണം ഇന്നും അനിശ്ചിതത്വത്തിലാണ്.
മലയാള സിനിമയ്ക്ക് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ മഹാപ്രതിഭയോട് അധികൃതർ കാണിക്കുന്നത് തികഞ്ഞ അനാദരവാണ്. ഇക്കാര്യത്തിൽ സർക്കാർ ഇടപെട്ട് സാങ്കേതിക തടസം പരിഹരിച്ച് സ്മാരകം നിർമ്മിക്കാൻ നടപടിയെടുക്കണം.
ഇർഷാദ് കെ. ചേറ്റുവ
ജില്ലാ ചെയർമാൻ
നവ കേരള ദേശീയ വേദി